അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിൽ നവംബറിൽ നടക്കാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ നിർണ്ണായക മത്സരത്തിനൊരുങ്ങി ഇന്ത്യൻ വംശജയായ നിത്യ രാമൻ. നിലവിലെ മേയർ കാരൺ ബാസിനെതിരെയാണ് 44-കാരിയായ നിത്യ രാമൻ അന്തിമ പോരാട്ടത്തിനിറങ്ങുന്നത്.
പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ സ്പെൻസർ പ്രാറ്റിനെ പിന്നിലാക്കിക്കൊണ്ടാണ് നിത്യ രാമൻ രണ്ടാം സ്ഥാനത്ത് എത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നിലായിരുന്നെങ്കിലും, ശക്തമായ തിരിച്ചുവരവിലൂടെയാണ് അവർ വിജയം ഉറപ്പിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം കാരൺ ബാസിന് 34.3 ശതമാനവും, നിത്യ രാമന് 28.6 ശതമാനവും, സ്പെൻസർ പ്രാറ്റിന് 25.8 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിൽ അധികം വോട്ട് നേടാൻ സാധിക്കാത്ത സാഹചര്യത്തിൽ, നവംബറിൽ റൺ-ഓഫ് തെരഞ്ഞെടുപ്പ് അനിവാര്യമായി മാറുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭവനരഹിതർക്കുള്ള പുനരധിവാസം, വാടകക്കാർക്കുള്ള സുരക്ഷ, കുറഞ്ഞ ചെലവിലുള്ള ഭവന സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് നിത്യ രാമൻ പ്രഖ്യാപിച്ചു. പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.
കേരളത്തിലെ തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച നിത്യ രാമൻ ആറാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഹാർവാർഡ് സർവകലാശാലയിലും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നഗരാസൂത്രണത്തിൽ ബിരുദം നേടിയ ഇവർ, നേരത്തെ ദില്ലിയിലും ചെന്നൈയിലും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
നിലവിൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിൽ ഡിസ്ട്രിക്റ്റ് 4 പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന നിത്യ, ഭർത്താവ് വല്ലി ചന്ദ്രശേഖരനും മക്കൾക്കുമൊപ്പം കാലിഫോർണിയയിലെ സിൽവർ ലേക്കിലാണ് താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

