കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, ക്രിമിനൽ കേസിലെ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കുന്നതിനായി പൊലീസ് നടപടികൾ ആരംഭിച്ചു. മുൻപ് അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രതി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
വരും ദിവസങ്ങളിൽ തന്നെ കോടതി ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം. നേരത്തെ, കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പുതിയ കേസും പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ മാസം സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇയാളെയും മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേയ് 3-ന് നടന്ന ഈ നടപടിയിൽ അർജുൻ ആയങ്കി (29), ആദർശ് (29), പ്രണവ് (29), ധനീഷ് (39), അരുൺ (38), ടാൻസൺ (34) എന്നിവരാണ് പിടിയിലായത്.
ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒത്തുചേർന്നതാണെന്നും നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വാദിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം സിഐ പ്രശാന്തിനെ ലക്ഷ്യമിട്ട് അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതാണ് വിവാദമായത്.
“സമാധാനമായി പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല” എന്ന് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയ പോസ്റ്റ്, ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകൾക്ക് കൃത്യമായി കണക്കുചോദിക്കുമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ടായിരുന്നു.
കോടതിയുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലത്തിൽ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഐടി ആക്ട് പ്രകാരം എടുത്ത പുതിയ കേസിലും അന്വേഷണം വേഗത്തിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

