വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒളിവിൽ പോയ കുപ്രസിദ്ധ ലഹരിക്കടത്ത് കേസുകളിലെ പ്രതിയെ പോലീസ് വലയിലാക്കി. മലപ്പുറം വേങ്ങാട് മൂർക്കനാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (35) ആണ് വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്റെ (എസ്.എം.എസ്) പിടിയിലായത്.
ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ചാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഉന്നതിയിൽ താമസിക്കുന്ന പെൺകുട്ടിയെ വിവിധ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി പടിഞ്ഞാറത്തറയിലെ റിസോർട്ടിലും തുടർന്ന് മൈസൂരുവിലെ ഹോട്ടലിലും എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ വൈത്തിരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു. തനിക്കെതിരെ കേസെടുത്ത വിവരം മനസ്സിലാക്കിയ പ്രതി സംസ്ഥാനം വിട്ട് ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നു.
തുടർന്ന് രഹസ്യമായി കൊച്ചിയിലെത്തിയ ഇയാൾ അവിടെനിന്ന് മടങ്ങുന്നതിനിടെയാണ് ഒലവക്കോട്ടു വെച്ച് പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ ജലീലിന് കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിൽ വിപുലമായ ബന്ധങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കർണാടകയിൽ നിന്ന് 85 കിലോഗ്രാം കഞ്ചാവുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ നേരത്തെ പിടിയിലായിരുന്നു. ഈ കേസിൽ മൈസൂർ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
ഇതുകൂടാതെ കേരളത്തിൽ മാത്രം ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.
അന്വേഷണസംഘത്തിൽ എസ്.ഐ ആന്റണി, എ.എസ്.ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, ജിയോ തോമസ് എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

