അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത്, ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വിലയിൽ കുറവ് വരുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. ജൂലൈ മാസം മുതൽ ബാരലിന് 6 ഡോളർ വീതമാണ് വില കുറയ്ക്കുന്നത്.
സൗദിയുടെ മുൻനിര എണ്ണ ഉൽപാദന കമ്പനിയായ അരാംകോ തുടർച്ചയായ രണ്ടാം മാസമാണ് വിലയിൽ ഇളവ് പ്രഖ്യാപിക്കുന്നത്. എന്നിരുന്നാലും, സൗദിയുടെ അറബ് ലൈറ്റ് വിഭാഗത്തിൽപ്പെട്ട
ക്രൂഡ് ഓയിലിന് പ്രാദേശിക ബെഞ്ച്മാർക്ക് വിലയേക്കാൾ 9.50 ഡോളർ അധികമായി തുടരുമെന്നത് ശ്രദ്ധേയമാണ്. ഏഷ്യൻ വിപണിക്ക് പുറമെ യൂറോപ്പ്, അമേരിക്ക എന്നീ മേഖലകളിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് കുറയുമോ എന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. നിലവിലെ സാഹചര്യത്തിൽ ഇറാൻ യുദ്ധം അവസാനിച്ചാലും, സൗദിയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സം നിലനിൽക്കുന്നതിനാൽ, ചെങ്കടൽ വഴിയാണ് നിലവിൽ സൗദി അറേബ്യ എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇതിനായി എണ്ണ പ്രധാനമായും പൈപ്പ് ലൈൻ വഴി ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് എത്തിക്കുന്നു.
നിലവിൽ യുദ്ധത്തിന് മുൻപുള്ള എണ്ണ കയറ്റുമതിയുടെ 70 ശതമാനം അളവിലും സൗദി ഈ മാർഗ്ഗം തന്നെയാണ് ഉപയോഗിക്കുന്നത്. കൂടാതെ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ പെട്രോളിയം വിപണിയിൽ ഉയർത്തുന്ന വെല്ലുവിളികളും സൗദിക്ക് മുന്നിലുണ്ട്.
വിലക്കയറ്റം മൂലം പെട്രോളിയം ഉൽപന്നങ്ങളുടെ ആഗോള ഉപഭോഗത്തിൽ ഇടിവുണ്ടായതായി ഒപെക്കിന്റെ ഔദ്യോഗിക അവലോകന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

