അതിരപ്പിള്ളി മേഖലയിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപിച്ച് മാളിയേക്കൽ ഷാജി മാതൃകയായി. വെറ്റിലപ്പാറ സ്വദേശിയായ ഷാജിക്ക് ഇത്തരത്തിൽ നഷ്ടപ്പെട്ട
ആഭരണങ്ങൾ ലഭിക്കുന്നത് ഇത് നാലാം തവണയാണ്. കഴിഞ്ഞ ദിവസം കോതമംഗലം കുട്ടമ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാജിയും ഭാര്യയും.
ചടങ്ങിനുശേഷം പെരിയാറിന്റെ തീരത്തെ റിസോർട്ട് പരിസരത്ത് എത്തിയപ്പോഴാണ് പുഴയിൽ എന്തോ വസ്തു തിളങ്ങുന്നത് ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മുട്ടറ്റം വെള്ളത്തിലിറങ്ങി പരിശോധിച്ചപ്പോൾ ലഭിച്ചത് നാലരപ്പവൻ തൂക്കമുള്ള സ്വർണമാലയായിരുന്നു.
പള്ളിക്കര സ്വദേശി അനിൽകുമാർ എന്നയാളുടേതാണ് ഈ ആഭരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഒരു മാസം മുൻപ് സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ എത്തിയപ്പോഴാണ് അനിൽകുമാറിന് മാല നഷ്ടമായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം കാനയിലെ ചെളിയിൽ താഴ്ന്നപ്പോൾ, അത് ഉയർത്താൻ ശ്രമിക്കുന്നതിനിടെ മാല കഴുത്തിൽ നിന്ന് ഊരിപ്പോകുകയായിരുന്നു. തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി മാല പുഴയിലേക്ക് എത്തുകയായിരുന്നു.
സംഭവസമയത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ശനി ഉച്ചയോടെ ഷാജിക്ക് ലഭിച്ച സ്വർണാഭരണം, ഞായർ രാത്രി മന്ത്രി ഷിബുബേബി ജോൺന്റെ സാന്നിധ്യത്തിലാണ് ഉടമയ്ക്ക് കൈമാറിയത്.
ആഭരണം ലഭിച്ച ഉടൻ തന്നെ അതിരപ്പിള്ളി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ ഷാജി വിവരം അറിയിക്കുകയും ആഭരണം ഏൽപ്പിക്കുകയും ചെയ്തിരുന്നു. തികഞ്ഞ സത്യസന്ധത പുലർത്തിയ ഷാജിയെ നാട്ടുകാർ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

