പ്രശസ്ത ചലച്ചിത്ര താരം സലിം കുമാർ വിടവാങ്ങുമ്പോൾ വലിയൊരു സൗഹൃദബന്ധത്തിന്റെ കഥയാണ് ആലപ്പുഴയിൽ നിന്നും പുറത്തുവരുന്നത്. ചെത്തി കാരക്കാട്ട് റാണി തങ്കച്ചന്റെ കുടുംബത്തിന് അദ്ദേഹം വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ല, മറിച്ച് മകന്റെ കരൾ സ്വീകരിച്ച് കുടുംബത്തിലെ ഒരംഗമായി മാറിയ വലിയൊരു സഹോദരൻ കൂടിയായിരുന്നു.
പത്തു വർഷങ്ങൾക്ക് മുൻപാണ് റാണി തങ്കച്ചന്റെയും പരേതനായ തങ്കച്ചന്റെയും മകനായ കെ.ടി.അഗസ്റ്റിന്റെ കരൾ സലിം കുമാറിന് മാറ്റിവെച്ചത്. 2015 ഡിസംബറിൽ ചേന്നവേലിയിലുണ്ടായ വാഹനാപകടത്തിൽ 25 വയസ്സുകാരനായ കെ.ടി.അഗസ്റ്റിൻ മരണപ്പെടുകയായിരുന്നു.
സീലിങ് തൊഴിലാളിയായിരുന്ന അഗസ്റ്റിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. പത്തു ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ അഗസ്റ്റിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് കരൾ കൈമാറ്റം നടന്നത്. കരൾ ലഭിക്കുന്നത് സലിം കുമാറിനാണെന്ന കാര്യം ആദ്യ ഘട്ടത്തിൽ കുടുംബം അറിഞ്ഞിരുന്നില്ല.
പിന്നീട് സലിം കുമാർ നേരിട്ട് ബന്ധപ്പെടുകയും കൂടിക്കാഴ്ച ആഗ്രഹിക്കുകയും ചെയ്തതോടെയാണ് ഈ ആത്മബന്ധം ആരംഭിച്ചത്. അന്നുമുതൽ ആലപ്പുഴയിലെത്തുന്ന അവസരങ്ങളിലെല്ലാം സലിം കുമാർ ചെത്തിയിലെ വീട്ടിലെത്തുമായിരുന്നു.
അഗസ്റ്റിന്റെ സഹോദരങ്ങളായ കെ.ടി.മാർട്ടിൻ, ലിതുബിന എന്നിവരുടെ വിവാഹച്ചടങ്ങുകളിൽ അദ്ദേഹം കുടുംബസമേതം പങ്കെടുത്തു. മറ്റൊരു സഹോദരനായ കെ.ടി.ജോസിന്റെ വിവാഹവേളയിൽ നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പൂർണ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
തുടർന്ന് 2020-ൽ അഗസ്റ്റിന്റെ അച്ഛൻ തങ്കച്ചനും സമാനമായ രീതിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. വീട്ടിൽ നിന്നും ചേർത്തലയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൽ ലോറിയിടിച്ചായിരുന്നു അപകടം.
മകന്റെ വിയോഗത്തിന് സമാനമായ സാഹചര്യത്തിൽ പിതാവിനെയും നഷ്ടപ്പെട്ടത് നാടിനെയാകെ വേദനിപ്പിച്ചിരുന്നു. ശാരീരികമായ അവശതകൾ ഉണ്ടായിരുന്നിട്ടും അന്ന് വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാൻ സലിം കുമാർ മറന്നില്ല.
ഈ കുടുംബവുമായി അത്രമേൽ അടുപ്പം പുലർത്തിയിരുന്ന സലിം കുമാറിന്റെ വേർപാടിൽ തങ്ങൾക്ക് നഷ്ടമായത് ഒരു മുതിർന്ന സഹോദരനെ തന്നെയാണെന്ന് കെ.ടി.മാർട്ടിൻ പറഞ്ഞു. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞ ദിവസം എറണാകുളത്തെ വസതിയിൽ കുടുംബം എത്തിയിരുന്നു.

