ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ ന്യൂഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നഗരത്തിലെ പ്രധാന പാതകളിലും തിരക്കേറിയ റൗണ്ട് എബൗട്ടുകളിലുമാണ് ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
സഖ്യത്തിലെ പ്രധാന കക്ഷി നേതാക്കൾ മുൻകാലങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളാണ് പോസ്റ്ററുകളിൽ അച്ചടിച്ചിരിക്കുന്നത്. എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ എന്നിവരുടെ പഴയ പ്രസ്താവനകളാണ് യോഗത്തിന് തൊട്ടുമുൻപ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ആയുധമാക്കിയിരിക്കുന്നത്.
കൂടാതെ, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തുടങ്ങിയവരുടെ ചിത്രങ്ങളോടു കൂടിയ വിമർശന ബോർഡുകളും പലയിടങ്ങളിലായി കാണാം.
ഈ പോസ്റ്ററുകളിൽ ‘ഇന്ത്യ’ മുന്നണി എന്നതിന് പകരം ‘ഇൻഡി’ അലയൻസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണിത്.
‘ജൻബന്ധൻ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ യോഗം പ്രതിപക്ഷ കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ഘടകകക്ഷികൾക്കിടയിലെ ഏകോപനം ശക്തമാക്കുക, ആഭ്യന്തര ഭിന്നതകൾ പരിഹരിക്കുക, ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപ് 2024 ജൂൺ 1-ന് ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷം രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞാണ് സഖ്യകക്ഷികൾ വീണ്ടും ഒത്തുചേരുന്നത്.
സമീപകാലത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക കക്ഷികൾക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, മുന്നണിയുടെ ഭാവി നിർണയിക്കാൻ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

