സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചു. ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. മുൻപ് കഴിഞ്ഞദിവസം ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഈ മൂന്ന് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടാതെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും സമാനമായ കാലാവസ്ഥാ സാഹചര്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

