വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി റിപ്പോർട്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴിൽ, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിർദേശപ്രകാരമാണ് ഫണ്ട് വകമാറ്റിയത്.
മുൻകരുതൽ ശേഷി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ആറ് ലാപ്ടോപ്പുകളും ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങിയതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 24-നാണ് വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് സർക്കാർ സെക്രട്ടറി ഇതുസംബന്ധിച്ച കത്ത് നൽകിയത്.
ദുരന്തബാധിത മേഖലയിലെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട തുകയാണ് സെക്രട്ടറിയേറ്റിലെ ഓഫീസ് ആവശ്യങ്ങൾക്കായി വകമാറ്റിയത്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും, ജനങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനുമായാണ് ഈ ഫണ്ട് രൂപീകരിച്ചിരുന്നത്. ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും ഈ തുക ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം.
ഇത്തരം സുപ്രധാന ലക്ഷ്യങ്ങൾക്കായി നീക്കിവെച്ച തുക ഭരണപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കപ്പെട്ടുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

