കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ രാഷ്ട്രീയം പൂർണമായും ഹിന്ദു-മുസ്ലിം അജണ്ടയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ വിമർശിച്ചു. തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കാൻ ഇത്തരം രാഷ്ട്രീയ ചർച്ചകൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ ഒഎസ്എം ക്രമക്കേട് എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അഭിജിത് ദീപ്കെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ വിവാദങ്ങളിൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്.
സർക്കാർ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തുടർച്ചയായി ചോരുന്നത് ഗൗരവകരമാണെന്നും, സ്വകാര്യ മേഖലയിലെ ജീവനക്കാരെപ്പോലെ ഉത്തരവാദിത്തം കാണിക്കാത്തവർ സ്ഥാനമൊഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭജന രാഷ്ട്രീയത്തിന് പകരം രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലേക്ക് ചർച്ചകൾ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്ന രീതി അവസാനിപ്പിക്കണം. വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ മാറ്റം വരുത്തുന്നതിനായി പുതിയൊരു അജണ്ട
തങ്ങളുടെ പ്രസ്ഥാനം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ പ്രസ്ഥാനം പൂർണമായും രാഷ്ട്രീയരഹിതവും യുവജനങ്ങൾക്ക് വേണ്ടിയുള്ളതുമാണെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കൾക്ക് പിന്തുണ നൽകാൻ സാധിക്കുമെങ്കിലും, ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കില്ല. ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്നും, വരും ദിവസങ്ങളിലും സമാധാനപരമായ രീതിയിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

