അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിലുണ്ടായ വൻ കുതിപ്പിലൂടെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി ഗൗതം അദാനി തിരിച്ചുപിടിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സൺ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് അമരക്കാരൻ ഈ നേട്ടം സ്വന്തമാക്കിയത്.
പ്രമുഖ സാമ്പത്തിക മാധ്യമമായ ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 9,000 കോടി ഡോളർ ആസ്തിയോടെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 22-ാം സ്ഥാനത്താണ് ഇപ്പോൾ ഗൗതം അദാനി. 8,800 കോടി ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഏഷ്യയിൽ രണ്ടാമതും ലോക റാങ്കിങ്ങിൽ 24-ാം സ്ഥാനത്തുമാണ്.
ജാപ്പനീസ് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ്ബാങ്കിന്റെ സിഇഒ മസായോഷി സൺ 8,700 കോടി ഡോളർ സമ്പാദ്യവുമായി ഏഷ്യൻ നിരയിൽ മൂന്നാം സ്ഥാനത്തുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിജിക്യൂ പാർട്ണേഴ്സിൽ നിന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് വൻതോതിൽ അദാനി ഓഹരികൾ വാങ്ങിയതാണ് വിപണിയിലെ സമീപകാല കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി എനർജി എന്നീ കമ്പനികളുടെ 5,747 കോടി രൂപയുടെ ഓഹരികളാണ് എസ്ബിഐ സ്വന്തമാക്കിയത്. അദാനി എന്റർപ്രൈസസിന്റെ 1.3 ശതമാനവും അദാനി എനർജിയുടെ 0.45 ശതമാനവും ഓഹരികളാണ് ഈ വൻകിട
ഇടപാടിലൂടെ എസ്ബിഐയുടെ കൈകളിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ കാഴ്ചവെച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അദാനി ഗ്രീൻ എനർജി ഓഹരികൾ 7 ശതമാനവും അദാനി എനർജി 4 ശതമാനവും നേട്ടമുണ്ടാക്കി. ഇതിനുപുറമെ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ എന്നിവയുടെ ഓഹരികൾ രണ്ട് ശതമാനവും അദാനി പവർ ഒരു ശതമാനവും വളർച്ച രേഖപ്പെടുത്തി.
വരും ദിവസങ്ങളിലും ഈ ഓഹരികൾ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2023-ൽ യുഎസ് അധിഷ്ഠിത ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് പുറത്തുവിട്ട
വിവാദ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അക്കാലയളവിൽ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ ഏതാണ്ട് 15,000 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാൽ കഴിഞ്ഞ മാസം അദാനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചതോടെ ഗ്രൂപ്പ് ശക്തമായി തിരിച്ചുവരികയായിരുന്നു. യുഎസ് തീരുമാനത്തിന് ശേഷം മാത്രം അദാനിയുടെ സമ്പാദ്യത്തിൽ 1,000 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്.
ഇതോടെ ഹിൻഡെൻബർഗ് പ്രതിസന്ധി സൃഷ്ടിച്ച ഭീമമായ നഷ്ടങ്ങളിൽ നിന്നും ഗ്രൂപ്പ് ഏതാണ്ട് പൂർണ്ണമായി കരകയറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

