ഇന്ധനവിലയിലെ തുടർച്ചയായ വർധനവിന് പിന്നാലെ, സാധാരണക്കാർക്ക് തിരിച്ചടിയായി ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചു. 29 രൂപയാണ് സിലിണ്ടറൊന്നിന് വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം വരുത്തുന്നത്. നേരത്തെ 60 രൂപയുടെ വർധനവ് വരുത്തിയിരുന്നു.
ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയാണ് ആഗോളതലത്തിൽ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും വിലക്കയറ്റം തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസമാണെന്നുമാണ് എണ്ണക്കമ്പനികളുടെ നിലപാട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില നേരത്തെ തന്നെ കുത്തനെ ഉയർത്തിയത് ഹോട്ടൽ മേഖലയിലെ ഭക്ഷണ വിലയിൽ വർധനവുണ്ടാക്കിയിരുന്നു.
പുതിയ നിരക്കുകൾ പ്രകാരം: ഡൽഹിയിൽ 913 രൂപയായിരുന്ന സിലിണ്ടർ വില 942 രൂപയായി വർധിച്ചു. കൊൽക്കത്തയിൽ 939 രൂപയിൽ നിന്ന് 968 രൂപയായും, മുംബൈയിൽ 912 രൂപയിൽ നിന്ന് 941 രൂപയായും വില ഉയർന്നു.
പെട്രോൾ, ഡീസൽ ഇനങ്ങൾക്ക് പുറമെ പാചകവാതക വിലയിലും ഉണ്ടായ വർധന സാധാരണക്കാരുടെ ബജറ്റിനെ വലിയ തോതിൽ ബാധിക്കുമെന്നുറപ്പാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

