ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിലായി. ഓച്ചിറ വില്ലേജിൽ ഇർഫാദ് (24), പായിക്കുഴി മുറിയിൽ ഷെഫീക്ക് (26), പായിക്കുഴി മുറിയിൽ അനീഷ് (25) എന്നിവരെയാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ജൂൺ അഞ്ചിന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം നടന്നത്.
ഓച്ചിറയ്ക്ക് കിഴക്ക് സത്യാലയം ജങ്ഷനിലുള്ള ഒരു സർവീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് പ്രതികൾ കാറിലുണ്ടായിരുന്ന സഹോദരങ്ങളെ ആക്രമിച്ചത്. കാർ തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സംഘം മർദനം ആരംഭിച്ചത്.
യാത്രക്കാരായ സഹോദരങ്ങളെ മർദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ, ചുറ്റിക ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു.
സംഭവശേഷം ഒളിവിൽ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ ജസ്റ്റിൻ മണ്ഡപം, ജയസൂര്യ, എ എസ്ഐ ഹരി, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, അനു, ബിനു, ഷിഹാബ്, പ്രവീൺ, ഗോപകുമാർ, ഹരീഷ്, മോനിഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

