കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട
ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ജന്മം നൽകിയ മാതാവ് രംഗത്തെത്തി. പ്രസവിച്ച് എട്ടാം നാൾ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് മാതാവ് അധികൃതരോട് വിശദീകരിച്ചു.
മാർച്ച് 4-ന് കുഞ്ഞിന് ജന്മം നൽകിയ ശേഷം അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് യുവതി വെളിപ്പെടുത്തി. “കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ, അവനെങ്കിലും ജീവിക്കട്ടെ എന്നേ കരുതിയുള്ളൂ.
മടങ്ങുമ്പോൾ ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി; അവന്റെ ഓമന മുഖം ഇരുട്ടിൽ ഒരു നോക്കു കണ്ടു. പിന്നെ ഉറങ്ങിയിട്ടില്ല.
ഇനി വയ്യ; അവനെ തിരിച്ചു വേണം.” ഇതാണ് കുഞ്ഞിനെ തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ആ അമ്മയുടെ വാക്കുകൾ. കുടുംബപ്രശ്നങ്ങളും തൊഴിലില്ലായ്മയും മൂലം കടുത്ത മാനസിക സംഘർഷത്തിലായിരുന്ന സമയത്താണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
അന്നേ ദിവസം മൂത്ത മകനൊപ്പം നഗരത്തിലെത്തിയ യുവതി, കടലോരത്തുവെച്ച് കുഞ്ഞിന് പാൽ നൽകിയ ശേഷമാണ് അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചത്. ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ കണ്ടെത്തിയ ശേഷം ആരവ് എന്ന് പേരിടുകയും സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.
ഒന്നര മാസത്തിന് ശേഷം കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് യുവതി കലക്ടറേറ്റിലെത്തി അപേക്ഷ നൽകി. ഉപേക്ഷിക്കപ്പെട്ട് 60 ദിവസത്തിനുള്ളിൽ കുഞ്ഞിനെ തിരികെ ലഭിക്കാൻ നിയമതടസ്സങ്ങൾ ഇല്ലെന്നത് ഇവർക്ക് ആശ്വാസമായി.
കേസ് സംബന്ധമായ റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) വഴി പൊലീസിന് കൈമാറും. തുടർന്ന് ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾ പൂർത്തിയാക്കും.
കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം മാതാവിനുണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന് ശേഷമേ കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

