ദില്ലിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോക്ക്റോച്ച് ജനത പാർട്ടി തീരുമാനം. മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പാർട്ടിയുടെ മുന്നറിയിപ്പ്.
മന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരാഴ്ചത്തെ സാവകാശമാണ് പാർട്ടി നൽകിയിരിക്കുന്നത്.
അതേസമയം, കോക്ക്റോച്ച് ജനത പാർട്ടിയുടെ ആരോപണങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട
കാര്യങ്ങൾ സ്വയംഭരണാധികാരമുള്ള സംവിധാനങ്ങളുടെ ചുമതലയാണെന്നും, അതിൽ വീഴ്ച സംഭവിക്കുമ്പോൾ മന്ത്രി ഉത്തരവാദിയാകുന്നത് എങ്ങനെയെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു ചോദിച്ചു. സർക്കാർ ഒളിച്ചോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നേരത്തെ തന്നെ സമര രംഗത്തുണ്ട്. കോക്ക്റോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ്, തങ്ങൾ സ്വന്തം നിലയ്ക്ക് പ്രതിഷേധം തുടരുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ കോക്ക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
തുടർന്ന് ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും, സമരസാധ്യത കണക്കിലെടുത്ത് പിന്നീട് അനുമതി നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

