റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയത്ത് വാഹനം ഓടിച്ചുകയറ്റുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ഉത്തരവ് നടപ്പിലാക്കി സംസ്ഥാനത്ത് ആദ്യത്തെ നടപടി സ്വീകരിച്ചു.
ജൂൺ 25-ന് ലക്കിടി റെയിൽവേ ഗേറ്റിൽ നടന്ന സംഭവത്തെത്തുടർന്നാണ് ആലത്തൂർ ജോയിന്റ് ആർടിഒയുടെ ഈ ഇടപെടൽ. സംഭവത്തിൽ ഉൾപ്പെട്ട
തിരുവില്വാമല സ്വദേശി ഷാഹുൽ ഹമീദിന്റെ ഡ്രൈവിങ് ലൈസൻസ് ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. റെയിൽവേ ഗേറ്റ് അടച്ചുതുടങ്ങുന്ന സമയത്ത് വാഹനങ്ങൾ തിരക്കിട്ട് കടത്തിവിടാൻ ശ്രമിക്കുന്നത് ഗേറ്റ് തകരാറിലാകുന്നതിനും വലിയ സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ട്.
ഇത് കണക്കിലെടുത്ത് റെയിൽവേയും മോട്ടർ വാഹനവകുപ്പും സംയുക്തമായാണ് പുതിയ ശിക്ഷാ നടപടികളിലേക്ക് കടന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ ഇതിനു മുൻപേ തന്നെ ഗേറ്റ് ലംഘനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
ഗേറ്റ് തകരുന്നതുമൂലം സിഗ്നൽ സംവിധാനങ്ങൾ തകരാറിലാകുന്നതും, തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നതും പതിവായതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത്തരമൊരു കടുപ്പമേറിയ തീരുമാനം അധികൃതർ കൈക്കൊണ്ടത്. പിഴ ഈടാക്കുന്നതിന് പുറമെ, നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്ന നടപടികളാണ് മോട്ടർ വാഹനവകുപ്പ് സ്വീകരിക്കുന്നത്.
ലക്കിടി ഗേറ്റിൽ വാഹനമിടിച്ച കേസിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപായി ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുമുതലിന് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകളും കർശന നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

