2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാകുന്നു.
സംഭവത്തിൽ സി.പി.ഐ.എം അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് പ്രത്യേക അന്വേഷണ സംഘം (SIT) നോട്ടീസ് അയച്ചു. കേസ് പുനരന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം.
സ്ക്രീൻഷോട്ട് നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇത്തരമൊരു സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിലൂടെ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം നടന്നു എന്നാരോപിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ പാറക്കൽ അബ്ദുള്ള എം.എൽ.എ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനാണ് നിലവിൽ അന്വേഷണം നീങ്ങുന്നത്.
സൈബർ ഗ്രൂപ്പുകളിൽ നിന്ന് പ്രചരിച്ച സ്ക്രീൻഷോട്ടുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുകയെന്നതാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

