ഒമാനിലെ നിർണ്ണായക എണ്ണ കയറ്റുമതി കേന്ദ്രമായ മിന അൽ ഫഹലിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് സ്ഫോടനം റിപ്പോർട്ട് ചെയ്തു. ടെർമിനലിനോട് ചേർന്നുള്ള സിംഗിൾ ബോയ് മൂറിങ് (എസ്ബിഎം) 1, 2 ബെർത്തുകളിലാണ് സ്ഫോടനം നടന്നത്.
ഒമാനിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ മുഖ്യ പങ്കുവഹിക്കുന്ന സുപ്രധാന കേന്ദ്രമാണിത്. ആക്രമണത്തെ തുടർന്ന് എണ്ണ കയറ്റുമതി തടസ്സപ്പെട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ ഒമാൻ ഭരണകൂടം ഔദ്യോഗികമായി നിഷേധിച്ചു.
ടെർമിനലിന്റെ പ്രവർത്തനം സുഗമമായി തുടരുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഹോർമുസ് കടലിടുക്കിന് പുറത്ത് ഗൾഫ് ഓഫ് ഒമാനിലാണ് ഈ ടെർമിനൽ സ്ഥിതി ചെയ്യുന്നത്.
നിലവിലെ പ്രാദേശിക സംഘർഷങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്ന ഈ കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാന മധ്യസ്ഥനായി ഇടപെട്ടിരുന്ന ഒമാനു നേരെയുണ്ടായ ഈ ആക്രമണം മേഖലയിലെ നയതന്ത്ര നീക്കങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇതിനിടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ നേരിയ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.5% ഉയർന്ന് 95.50 ഡോളറിലും യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 0.12% വർധിച്ച് 93.15 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
മേഖലയിലെ രാഷ്ട്രീയ സാഹചര്യം വിലവർധനവിന് ആക്കം കൂട്ടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ആക്രമണം ഒരു തിരിച്ചടിയാണ്.
നേരത്തെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളെ തുടർന്ന് എണ്ണ, വാതക ഇറക്കുമതിയിൽ ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിൽ ഒമാനുമായി ഇന്ത്യ അടുത്തിടെ പുതിയ കരാറുകളിൽ ഏർപ്പെട്ടിരുന്നു.
ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 45 ശതമാനവും, എൽഎൻജി, എൽപിജി ഇറക്കുമതിയുടെ 55 ശതമാനവും ഹോർമുസ് വഴി വന്നിരുന്ന സാഹചര്യത്തിൽ, ഒമാനിലെ പുതിയ സാഹചര്യം ഇന്ധന ലഭ്യതയെയും വിലയെയും സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നു. നേരത്തെ, ഇറാനുമായി ചേർന്ന് ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഒമാനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇത്തരം ഭീഷണികളുടെ കൂടി പശ്ചാത്തലത്തിൽ, ഒമാനിലെ പ്രധാന ടെർമിനലിന് നേരെയുണ്ടായ ആക്രമണം ഗൗരവകരമായാണ് അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

