തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിനി ഹസീന ബീവി (36) കൊല്ലപ്പെട്ട സംഭവത്തിൽ, ഭർത്താവും കേസിലെ പ്രതിയുമായ വി.സുരേഷ് (46)-നെ തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിദംബരം റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കിള്ളൈ റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ ആധാർ കാർഡിലെ വിലാസം അടിസ്ഥാനമാക്കി റെയിൽവേ പൊലീസ് മണ്ണന്തല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും.
ബുധനാഴ്ച പുലർച്ചെ നാലാഞ്ചിറ ഉദിയന്നൂരിലെ വാടക വീട്ടിൽ വെച്ചാണ് ഹസീന ബീവി ദാരുണമായി കൊല്ലപ്പെട്ടത്. മക്കളുടെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം സുരേഷ് സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മണ്ണന്തല പൊലീസ് കണ്ടെടുത്തു.
കരമനയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ബുധനാഴ്ച പ്രാവച്ചമ്പലം വരെ സുരേഷ് കാറിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ബാലരാമപുരം സ്റ്റേഷൻ പരിസരത്ത് ഇയാൾ എത്തിയിരുന്നതായും പ്രദേശവാസികൾ മൊഴി നൽകി. അവിടെ വെച്ച് മറ്റൊരാളുടെ തൊപ്പി കൈക്കലാക്കി ധരിച്ച ശേഷം ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കാർ മണ്ണന്തല സ്റ്റേഷനിലേക്ക് മാറ്റും. അമ്മയുടെയും പിതാവിന്റെയും മരണത്തോടെ അനാഥമായ നാല് മക്കൾ തീരാദുഃഖത്തിലാണ്.
ഹസീനയുടെ മാതാവിനൊപ്പമാണ് കുട്ടികൾ ഇപ്പോൾ കഴിയുന്നത്. സുരേഷ് ഒളിവിലിരിക്കെ മൂത്ത മകളെ ഫോണിൽ വിളിച്ച് ‘ഇനി തിരിച്ചു വരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും’ പറഞ്ഞിരുന്നു.
എസി മെക്കാനിക്കായിരുന്ന സുരേഷിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പ്ലസ്ടു, പത്താം ക്ലാസ്, ആറാം ക്ലാസ്, നാലാം ക്ലാസ് എന്നിങ്ങനെ പഠിക്കുന്ന കുട്ടികളുടെ ഭാവി സംബന്ധിച്ച ആശങ്കയിലാണ് ബന്ധുക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

