കണ്ണൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ തടഞ്ഞുനിർത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
പരിയാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പയ്യന്നൂരിലേക്ക് കൈമാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവരും കാറുടമയും നൽകിയ മൊഴികളിൽ കാര്യമായ വൈരുദ്ധ്യം നിലനിൽക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 32 പവൻ സ്വർണവും ഒന്നരക്കോടി രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. എന്നാൽ, 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ കുമാർ ജലിന്തർ നിഗം പരാതിയിൽ അവകാശപ്പെടുന്നത്.
കാറുടമയായ അശോക് യശ്വന്തിന്റെ ഉടമസ്ഥതയിലുള്ള കാറിൽ വൻ തുകയും 256 ഗ്രാം സ്വർണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഈ വിവരങ്ങൾ അറിഞ്ഞെത്തിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
യാത്ര സംബന്ധിച്ച കൃത്യമായ വിവരം അക്രമികൾക്ക് ലഭിച്ചത് അടുത്ത വൃത്തങ്ങളിൽ നിന്നാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുമാർ ജലിന്തർ നിഗം, ഡ്രൈവർ സച്ചിൻ, കാറുടമ അശോക് യശ്വന്ത് എന്നിവരെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റൂറൽ എസ്പിയുടെ സാന്നിധ്യത്തിൽ സ്വർണ്ണ വ്യാപാരികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് പയ്യന്നൂർ എടാട്ട് വെച്ച് സംഘം ആക്രമിക്കപ്പെട്ടത്.
തുടർന്ന് രാവിലെ പിലാത്തറയിൽ കാർ തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നിലവിൽ കുമാറിന്റെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് ശേഖരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

