ഇടുക്കി ജില്ലയിലെ പാമ്പനാറിൽ ദേശീയപാതയോരത്ത് നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകർന്നുവീണു. ഇന്ന് പുലർച്ചെ 3.45-ഓടെയാണ് സംഭവം നടന്നത്.
അശാസ്ത്രീയമായ നിർമാണരീതികളാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ടടുത്തുള്ള താമസക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കെട്ടിടം തകർന്നു വീണപ്പോൾ സമീപത്തുള്ള കരോട്ട് വീട്ടിൽ കെ.എൻ.നൗഷാദിന്റെ വീടിന്റെ സൺഷെയ്ഡിൽ തട്ടി കെട്ടിടം നിരങ്ങി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വീടിന്റെ സിറ്റൗട്ട് പൂർണ്ണമായും തകർന്നു.
അപകടം നടക്കുമ്പോൾ സമീപത്തെ കെട്ടിടത്തിൽ 17 പേർ താമസമുണ്ടായിരുന്നു. വെറും ഒരടി വ്യത്യാസത്തിലാണ് വൻ ദുരന്തത്തിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്.
പാമ്പനാർ സ്വദേശി ആഗ്നൽ ദാസിന്റേതാണ് തകർന്നു വീണ ഈ കെട്ടിടം. കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകളിൽ പില്ലറുകളും ബീമുകളും മാത്രമാണ് ഉണ്ടായിരുന്നത്.
മുകളിലത്തെ രണ്ട് നിലകൾ വാർത്തിരുന്നു. നിർമാണ സ്ഥലത്ത് കെട്ടിടത്തിനും റോഡിനും ഇടയിലുള്ള ഭാഗം മണ്ണിട്ട് നികത്തുന്നതിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
ഇവിടെ വൻതോതിൽ മണ്ണ് നിറച്ചതിനെത്തുടർന്നുണ്ടായ സമ്മർദം ഭിത്തി തകരുന്നതിനും കെട്ടിടം നിലംപതിക്കുന്നതിനും കാരണമായതായി കരുതുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള രാത്രി ഒരു മണി വരെയും കെട്ടിടത്തിന് മുൻവശത്ത് മണ്ണുനിറയ്ക്കുന്ന ജോലികൾ നടന്നിരുന്നു.
സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

