പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം ഉറപ്പിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ഉണ്ടായ പിളർപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ തകർച്ച നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണെന്നും, ഐസ് ഉരുകുന്നതിനേക്കാൾ വേഗത്തിലാണ് പാർട്ടി അപ്രസക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിൻബലമില്ലാത്ത ഒരു പ്രസ്ഥാനത്തിന് അധികകാലം നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയ മുഹമ്മദ് സലിം, ഇടതുപക്ഷത്തെ തകർക്കാനും ബിജെപിക്ക് വഴിതുറക്കാനും മാത്രമായി രൂപീകരിച്ച താത്കാലിക സംവിധാനമായിരുന്നു ടിഎംസിയെന്ന് കുറ്റപ്പെടുത്തി. ആ ലക്ഷ്യം സഫലമായതോടെ പാർട്ടി അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി മമത ബാനർജി, അഭിഷേക് ബാനർജി എന്നിവർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പാർട്ടിയിൽ ജനാധിപത്യമോ അച്ചടക്കമോ ഉണ്ടായിരുന്നില്ലെന്നും അധികാരലബ്ധിക്കായി മാത്രം ഒത്തുചേർന്നവരാണ് ടിഎംസിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പാർട്ടി വിട്ട ഋതബ്രത ബാനർജി അടക്കമുള്ളവർ അധികാരത്തിന് വേണ്ടി നിലപാട് മാറ്റുന്നവരാണെന്നും, അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഒത്തുതീർപ്പ് മാത്രമാണ് ഈ രാഷ്ട്രീയ കൂടുമാറ്റമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അടിച്ചേൽപ്പിക്കുന്ന നയങ്ങൾ ബംഗാളിന്റെ സാംസ്കാരിക തനിമയ്ക്ക് വിരുദ്ധമാണെന്ന് മുഹമ്മദ് സലിം വിമർശിച്ചു. ദില്ലിയിൽ നിന്നും നാഗ്പൂരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന സർക്കാരിന് ജനക്ഷേമത്തിൽ താത്പര്യമില്ല.
തടങ്കൽ പാളയങ്ങളും ഗോഹത്യ നിയന്ത്രണവും അടിച്ചേൽപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തെ സാധാരണക്കാർ അംഗീകരിക്കില്ലെന്നും, ഹിന്ദു-മുസ്ലിം വിഭജന ശ്രമങ്ങൾ ബംഗാളിൽ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വലിയ മുന്നേറ്റം നടത്താൻ സാധിച്ചില്ലെങ്കിലും, ഫൽത മണ്ഡലത്തിലെ റീ-പോളിംഗിൽ വോട്ട് വിഹിതം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കായി തെരുവിൽ പോരാടുന്നത് ഇടതുപക്ഷം മാത്രമാണെന്നും, വരുംകാലത്ത് പ്രതിപക്ഷ സ്ഥാനം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

