സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
കേസിൽ ഹൈക്കോടതി വിധി പറയാനിരിക്കെ, ഇ.ഡി. ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി.
വെള്ളിയാഴ്ച കൊച്ചിയിൽ നടക്കുന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം നേരിട്ട് അധ്യക്ഷത വഹിക്കും. വരാനിരിക്കുന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ, കേസിന്റെ തുടർന്നുള്ള അന്വേഷണ പാതയും സ്വീകരിക്കേണ്ട
നിയമനടപടികളും യോഗത്തിൽ വിശകലനം ചെയ്യും. നേരത്തെ, ഇ.ഡി.
അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ കമ്പനി സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എ.
രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
വിധി വരുന്നത് വരെ കരിമണൽ കമ്പനിക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ നിയമസംരക്ഷണം ഹർജിക്കാരായ സിഎംആർഎല്ലിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ടി.
വീണയ്ക്കെതിരെ നിലവിൽ ഇ.ഡി പുതിയ നടപടികളിലേക്ക് കടന്നിട്ടില്ല. തങ്ങളുടെ അധികാരപരിധി മറികടന്നാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് സിഎംആർഎൽ കോടതിയിൽ വാദിച്ചു.
തെളിവ് ശേഖരണത്തിനായി സമൻസ് അയക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നും ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ അന്വേഷണത്തിന്റെ പരിധിയിൽ വരില്ലെന്നും കമ്പനി വാദിക്കുന്നു.
കൂടാതെ, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും സിംഗിൾ ബെഞ്ച് കൃത്യമായ മറുപടിക്ക് അവസരം നൽകിയില്ലെന്നും കമ്പനി ആരോപിച്ചു. എന്നാൽ, മറ്റ് ഏജൻസികളുടെ അന്വേഷണവുമായി തങ്ങളുടെ നടപടികൾക്ക് ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.
ജനുവരിയിൽ എസ്എഫ്ഐഒ ആരംഭിച്ച അന്വേഷണത്തിന് പുറമെ, കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി മാർച്ചിലാണ് തങ്ങൾ കേസ് ഏറ്റെടുത്തതെന്നും തെളിവ് ശേഖരിക്കാൻ പൂർണ അധികാരമുണ്ടെന്നും ഇ.ഡി നിലപാടെടുത്തു. ഇതിനിടെ, ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണ സംഭവവും ഇ.ഡി ഗൗരവമായി കാണുന്നു.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങുമ്പോഴുണ്ടായ ആക്രമണത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നാണ് ഉന്നതവൃത്തങ്ങളുടെ നിഗമനം. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട
തുടർനടപടികളും വെള്ളിയാഴ്ചത്തെ യോഗത്തിൽ ചർച്ചയാകും. ഇ.ഡിക്ക് നേരെയുണ്ടായ ആക്രമണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ബന്ധപ്പെട്ട
കക്ഷികൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

