സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലൂടെ വസ്തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതുവരെ നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തോട് മാപ്പ് പറയണമെന്ന് മുൻ ധനമന്ത്രി കെ.എൻ.
ബാലഗോപാൽ ആവശ്യപ്പെട്ടു. താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവനകളെ തുറന്നുകാട്ടിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തോളമായി കേരളത്തിന്റെ കടം 6 ലക്ഷം കോടി രൂപയാണെന്ന പ്രചാരണം വി.ഡി. സതീശൻ തുടരുകയായിരുന്നു.
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ പോലും കടം 4.8 ലക്ഷം കോടി രൂപയിൽ താഴെയായിരിക്കുമെന്ന് കൃത്യമായ കണക്കുകൾ നിരത്തി വ്യക്തമാക്കിയിട്ടും അദ്ദേഹം പ്രസ്താവനകളിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ, നിലവിൽ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം പ്രകാരം, ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടും കേരളത്തിന്റെ ആകെ കടം 5.07 ലക്ഷം കോടി രൂപ മാത്രമാണെന്ന് വ്യക്തമായതായി കെ.എൻ.
ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, സർക്കാർ ജീവനക്കാരുടെ കുടിശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും മൊത്തം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും സതീശൻ നേരത്തെ ആരോപിച്ചിരുന്നു.
എന്നാൽ ധവളപത്രത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പല വിവരങ്ങളും പെരുപ്പിച്ചുകാട്ടിയതാണെന്നും, ജീവനക്കാരുടേതടക്കം സർക്കാർ നൽകാനുള്ള മൊത്തം കുടിശിക 48,000 കോടി രൂപ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

