സംസ്ഥാനത്തെ ഇറച്ചി വിപണിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഇറച്ചിക്കടകൾ 6, 7 തീയതികളിൽ അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കാലികളുടെ ലഭ്യതയിലുണ്ടായ കുറവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികളെ എത്തിച്ചത്.
കേരളത്തിലേക്ക് ആവശ്യമായ കാലികൾ പ്രധാനമായും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചേരുന്നത്. എന്നാൽ, ഗതാഗതത്തിനിടെ കാലികളെ അനധികൃതമായി പിടിച്ചെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് ആന്ധ്രപ്രദേശിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായിട്ടുണ്ട്. നിയമപ്രകാരം കാലികളെ കൊണ്ടുപോകാൻ ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ആന്ധ്ര സർക്കാർ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇതിന്റെ മറവിൽ മാഫിയാ സംഘങ്ങൾ അമിത തുക ഈടാക്കുന്നതായും ആരോപണമുണ്ട്. മാഫിയകളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നത്.
വിപണിയിലെ ഈ പ്രതിസന്ധി മുതലെടുത്ത് ഗുണനിലവാരമില്ലാത്ത ‘സൂനാമി ഇറച്ചി’ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, പഞ്ചായത്തുകൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇറച്ചിക്ക് ഏകപക്ഷീയമായി വില നിയന്ത്രിക്കുന്നത് വ്യാപാരികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്.
ദേശീയ പ്രസിഡന്റ് എം.എ.സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം.കെ.അനിൽ, അൻവർ മെഹബൂബ്, മുഹമ്മദ് നിഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

