മലയാളിത്തം തുളുമ്പുന്ന പ്രഭാതഭക്ഷണ ശീലങ്ങൾ ലോകത്തിന്റെ ഏത് കോണിലെത്തിയാലും പ്രവാസികൾക്ക് എന്നും നൊസ്റ്റാൾജിയയാണ്. ദോശയും ചട്നിയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും കടലയും തുടങ്ങി നാവിലൂറുന്ന രുചി വൈവിധ്യങ്ങൾ തേടി പലരും അലയാറുണ്ട്.
എന്നാൽ ജപ്പാനിലെ ടോക്കിയോ നഗരത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാളികളോ ഇതര ഇന്ത്യക്കാരോ അല്ലാത്ത ഒരു ജാപ്പനീസ് ദമ്പതികൾ നടത്തുന്ന കേരള തീം റെസ്റ്റോറന്റാണ് വിദേശ മണ്ണിൽ നമ്മുടെ തനത് രുചികൾ വിളമ്പുന്നത്.
കേരള നോ കാസെ നോ മോർണിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ റെസ്റ്റോറന്റിനെക്കുറിച്ച് ട്രാവൽ വ്ലോഗർ സോനം മിധ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് വർഷത്തോളം കേരളത്തിൽ താമസിച്ചിരുന്നവരാണ് ഈ ജാപ്പനീസ് ദമ്പതികൾ.
ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം, കേരളത്തോടുള്ള ഇഷ്ടം മുൻനിർത്തി ജപ്പാനിൽ ഈ ഭക്ഷണശാല ആരംഭിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ദോശ, ഇഡ്ഡലി, വട, ഉത്തപ്പം, ഉപ്പുമാവ്, ചായ തുടങ്ങി കേരളീയ പ്രഭാതഭക്ഷണ വിഭവങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
പ്രശസ്ത ജാപ്പനീസ് ഡ്രമ്മർ യോയോക-സാനിന്റെ മാതാപിതാക്കൾ കൂടിയാണ് ഈ ദമ്പതികൾ. റെസ്റ്റോറന്റിലെ ഒരു ഭാഗം അദ്ദേഹത്തിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുമുണ്ട്.
“എനിക്ക് എല്ലാ ദിവസവും ഈ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഞാൻ റസ്റ്റോറന്റ് തുറന്നത്. കൂടാതെ, ജപ്പാനിലെ കൂടുതൽ ആളുകൾ ഈ പാചകരീതിയെക്കുറിച്ച് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു” എന്നാണ് റെസ്റ്റോറന്റ് ഉടമ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
നേരത്തെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇവിടെ വിളമ്പിയിരുന്നുവെങ്കിലും, പ്രായം കണക്കിലെടുത്ത് ഇപ്പോൾ ലഘുഭക്ഷണങ്ങളിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ടോക്കിയോയിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളുമടക്കം നിരവധി ആളുകൾ ഈ ഭക്ഷണശാലയെക്കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

