ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ ഏറെ ചർച്ചയായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുതിയ അന്വേഷണ നടപടികൾ ആരംഭിക്കുന്നു. കേസ് അന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട
പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആദ്യ യോഗം നാളെ ചേരും. കോഴിക്കോട് റൂറൽ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് നിർണായക യോഗം നടക്കുന്നത്.
കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാകുന്നത്. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ആയിരിക്കും ഈ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.
നേരത്തെ, പ്രതികളിലേക്ക് എത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ പാറക്കൽ അബ്ദുള്ള എം.എൽ.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരൻ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇദ്ദേഹത്തിന് പുറമെ വടകര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെടുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് വിവാദമായ സ്ക്രീൻഷോട്ട് പ്രചരിച്ചത്.
എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ, ആരോപണം നിഷേധിച്ച കാസിം പരിശോധനയ്ക്കായി തന്റെ ഫോൺ പോലീസിന് കൈമാറിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സിപിഐഎം അനുകൂല സൈബർ പേജുകളിൽ നിന്നാണ് സ്ക്രീൻഷോട്ട് ആദ്യമായി പ്രചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് സ്ക്രീൻഷോട്ട് ആദ്യം പുറത്തുവന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.
പിന്നീട് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ രംഗത്തെത്തി.
“സ്ക്രീന്‍ഷോട്ടിന് പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടെത്തട്ടേയെന്ന്” അവർ വ്യക്തമാക്കി. അന്വേഷണം നടക്കട്ടെയെന്നും, താൻ വടകരയിലെ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു.
മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

