എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ പൊലീസിനു നേരെയുള്ള കൊലവിളി ഭീഷണിയും അക്രമാസക്തമായ പെരുമാറ്റവും വ്യക്തമായി കാണാം.
ജൂൺ 03, 2026 പുലർച്ചെ തൃക്കാക്കര മരോട്ടിച്ചുവടിന് സമീപത്താണ് സംഭവം അരങ്ങേറിയത്. വാടക അപ്പാർട്ട്മെന്റിൽ അതിക്രമം നടത്തിയ സംഘത്തെ ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
നഗരത്തിലെ പ്രധാന മാളിലെ സെക്യൂരിറ്റി ജീവനക്കാരായ വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികൾ പൊലീസിനോട് തട്ടിക്കയറുന്നതും, “ഔദ്യോഗിക ഐഡി എന്താണ്? ആ ഹിന്ദിക്കാരെ പറഞ്ഞു വിട്ടിട്ട് ഞങ്ങൾ 5 പേരെ ഈ മഴയത്ത് നിർത്തിയിരിക്കുകയാണ്.
ഇടിവണ്ടിയിൽ കൊണ്ടുപോയി കൊല്ലും എന്നല്ലേ പറഞ്ഞത്. ഞങ്ങൾ ഇവിടുന്നു മാറില്ല, അല്ലെങ്കിൽ പുതിയ മന്ത്രിസഭയിലെ ആൾക്കാര് ഇവിടെ വരട്ടെ” എന്ന് ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
“ഒരാളാണെങ്കിലും കൊന്നിട്ടേ പോകൂ, പുതിയ മന്ത്രിസഭയിലെ ആൾക്കാര് വരട്ടെ” എന്ന് ഭീഷണി മുഴക്കിയ സംഘം, തങ്ങൾ നികുതി നൽകുന്ന പണം കൊണ്ട് ശമ്പളം വാങ്ങുന്നവരാണ് പൊലീസുകാരെന്നും അധിക്ഷേപിച്ചു. സംഭവസ്ഥലത്തെത്തിയ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സി.ഐ ഉദയകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതികൾ കായികമായി നേരിടാൻ ശ്രമിച്ചു.
ഈ സംഘർഷത്തിനിടെ സി.ഐ ഉദയകുമാറിന്റെ കൈക്ക് ഗുരുതരമായി പരുക്കേൽക്കുകയും എല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. പ്രതികളെ പിന്നീട് വാടക വില്ലയുടെ വാതിൽ പൊളിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലവിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകമായി പരുക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

