തലസ്ഥാന നഗരമായ ന്യൂഡൽഹിയിൽ ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ 21 പേർക്ക് ദാരുണാന്ത്യം. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തെ ബഹുനില ഹോട്ടലിലാണ് വൻ ദുരന്തം സംഭവിച്ചത്.
സംഭവത്തിൽ 11 പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ 8:50 ഓടെയാണ് ഹോട്ടൽ കെട്ടിടത്തിൽ തീപടർന്നത്.
വിവരമറിഞ്ഞ് 9:45 ഓടെ തന്നെ ഡൽഹി ഫയർ സർവീസ് (DFS) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാട്ടർ ടെൻഡറുകൾ, വാട്ടർ ബൗസറുകൾ, ദ്രുതകർമ സേനാ വാഹനങ്ങൾ (QRV) എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തീയണയ്ക്കാൻ ശ്രമം നടത്തിയത്.
പത്ത് ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന 45 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
പൊള്ളലേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിൽ തീ പൂർണമായും അണച്ചെങ്കിലും, കെട്ടിടത്തിനുള്ളിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മാളവ്യ നഗർ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

