പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ, രാജ്യത്തിന്റെ കരുതൽ സ്വർണശേഖരത്തിൽ നിന്ന് 1.14 ലക്ഷം കോടി രൂപയുടെ (1200 കോടി ഡോളർ) സ്വർണം വിറ്റഴിച്ചെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിതുറന്നു. ബ്ലൂംബെർഗ് പുറത്തുവിട്ട
വിവരത്തെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മേയ് 12-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ റിസർവ് ബാങ്ക് ഈ തുകയുടെ സ്വർണം വിറ്റഴിച്ചെന്നും, തൽഫലമായി വിദേശനാണ്യ ശേഖരത്തിലെ കറൻസി ആസ്തി വർദ്ധിപ്പിച്ചെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
ക്രൂഡോയിൽ വിലയിലുണ്ടായ വർദ്ധനവ്, രൂപയുടെ മൂല്യത്തകർച്ച, വിദേശനിക്ഷേപങ്ങളിലെ പിന്മാറ്റം എന്നിവയാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വെല്ലുവിളിയായത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിൽക്കാൻ നിർബന്ധിതമായ സാഹചര്യവും ഇതിനോട് ചേർത്തുവായിക്കപ്പെടുന്നു.
ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ കേന്ദ്രത്തിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. ‘‘ഈ കേട്ടത് സത്യമാണോ? രാജ്യത്തിന്റെ സ്വർണം വിറ്റോ? കേന്ദ്രം പാപ്പരായോ? കഴിഞ്ഞ 76 വർഷത്തിനിടെ രാജ്യം നിരവധി സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്.
അപ്പോഴൊന്നും കരുതൽ സ്വർണം വിറ്റിട്ടില്ല. സർക്കാർ എന്താണ് മിണ്ടാത്തത്? രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ ഇപ്പോൾ എന്താണ്?’’ എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ചു.
കൂടാതെ, ‘‘മോദിജി ചിലപ്പോൾ ബാഗും തൂക്കി സ്ഥലംവിടും, നമുക്ക് ഇവിടെത്തന്നെ തുടർന്നും കഴിയേണ്ടതല്ലേ’’ എന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയും ‘‘ഇതാണ് അമൃതകാലം, മോദി സർക്കാർ ഇന്ത്യയുടെ സ്വർണം വിറ്റു’’ എന്ന് ആരോപിച്ചുകൊണ്ട് സർക്കാരിനെതിരെ രംഗത്തുവന്നു.
എങ്കിലും, സ്വർണം വിറ്റെന്ന വാർത്തകളെ കേന്ദ്രസർക്കാരും റിസർവ് ബാങ്കും കർശനമായി നിഷേധിച്ചു. വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (പിഐബി) രംഗത്തെത്തി.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 സെപ്റ്റംബർ മാസം വരെ റിസർവ് ബാങ്കിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ 13.92 ശതമാനമായിരുന്നു സ്വർണം. എന്നാൽ 2026 മാർച്ച് 31 ആയപ്പോഴേക്കും ഇത് 16.7 ശതമാനമായി ഉയരുകയായിരുന്നു.
2026 മേയ് 22-ലെ കണക്കുകൾ പ്രകാരം കരുതൽ സ്വർണശേഖരം 16.85 ശതമാനത്തിലേക്ക് ഉയർന്നുവെന്നും പിഐബി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

