കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ വണ്ണിൽ ഇറാൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ടി1 യാത്രാ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഈ വിവരം പുറത്തുവിട്ടത്. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെക്കുകയും നിലവിൽ ഉണ്ടായിരുന്ന വിമാനങ്ങൾ മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
യാത്രക്കാർ ടെർമിനലിൽ എത്തിച്ചേരുന്ന തിരക്കേറിയ സമയത്താണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലെ ഇറാൻറെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് ഇറാൻ പ്രത്യാക്രമണം നടത്തിയത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

