മുൻകൂട്ടിയുള്ള വലിയ പ്രഖ്യാപനങ്ങളോ അമിത പ്രതീക്ഷകളോ ഇല്ലാതെ തിയറ്ററുകളിലെത്തി മികച്ച വിജയം കരസ്ഥമാക്കുന്ന തമിഴ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ബ്ലാസ്റ്റ് എന്ന ചിത്രം കൂടി ഇടംപിടിച്ചിരിക്കുകയാണ്. ആക്ഷൻ താരം അർജുൻ സർജ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എന്നാൽ, സിനിമയുടെ തിയറ്റർ വിജയത്തിനിടെ ചിത്രത്തിലെ നിർണായകമായ രംഗങ്ങളും ട്വിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് അണിയറപ്രവർത്തകർക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രധാന ഭാഗങ്ങൾ അനധികൃതമായി പങ്കുവെക്കപ്പെടുന്നതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അർജുൻ സർജയുടെ ഇൻട്രൊഡക്ഷൻ രംഗങ്ങൾ, കുടുംബ പശ്ചാത്തലത്തിലുള്ള സംഘട്ടനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരം വീഡിയോകൾ ഇതിനോടകം കണ്ടുകഴിഞ്ഞത്.
‘ഇതൊരിക്കലും സ്പൊയ്ലർ പോസ്റ്റ് അല്ല. പ്രൊമോഷൻ ആണെ’ന്ന് അവകാശപ്പെട്ടുകൊണ്ടാണ് പലരും തിയറ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഈ പ്രവണതയ്ക്കെതിരെ സിനിമാ പ്രേമികൾ തന്നെ വലിയ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാണികളുടെ സിനിമാസ്വാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, സിനിമ മൊത്തമായി അപ്ലോഡ് ചെയ്യുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികളെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സമാനമായ രീതിയിൽ നേരത്തെ വാഴ 2, അതിരടി തുടങ്ങിയ മലയാള ചിത്രങ്ങളുടെ നിർണായക രംഗങ്ങളും ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചത് ചർച്ചയായിരുന്നു. സുഭാഷ് കെ രാജ് സംവിധാനം നിർവഹിച്ച ബ്ലാസ്റ്റിൽ അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി, അർജുൻ, ദിലീപൻ, പവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
മെയ് 28-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം ഇതിനോടകം 30 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി മുന്നേറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

