അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങുകയാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ നവീകരണ പദ്ധതിക്കായി 345 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
2028 ജൂലൈ 21-നകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈറോഡ് ശ്രീവെങ്കിടാചലപതി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
നവീകരണത്തിന്റെ നാൾവഴികൾ
പദ്ധതിയുടെ ആദ്യഘട്ടം 2025 ജനുവരി 27-ഓടെ പൂർത്തിയാകും. ഇതിൽ എയർ കോൺകോഴ്സ്, യാത്രക്കാരുടെ വിശ്രമമുറി, വിഐപി റൂം, ടിക്കറ്റ് കൗണ്ടർ എന്നിവ ഉൾപ്പെടുന്നു.
ആദ്യഘട്ടം പൂർത്തിയാക്കി ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
പ്രത്യേകതകൾ
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് അഭിമുഖമായി പുതിയ പ്രവേശന കവാടം നിർമിക്കും. 11 മീറ്റർ ഉയരത്തിലുള്ള പോർട്ടിക്കോയിലേക്ക് എലിവേറ്റഡ് റോഡ് വഴി വാഹനങ്ങൾക്ക് പ്രവേശിക്കാം.
അവിടെനിന്ന് 24 മീറ്റർ വീതിയുള്ള വിശാലമായ എയർ കോൺകോഴ്സിലൂടെ ലിഫ്റ്റ് അഥവാ എസ്കലേറ്റർ ഉപയോഗിച്ച് പ്ലാറ്റ്ഫോമുകളിലേക്ക് എത്താം. കൂടാതെ, 6 മീറ്റർ വീതിയിൽ മൂന്ന് ഫുട് ഓവർ ബ്രിജുകളും സജ്ജമാക്കും.
സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടം നവീകരിച്ച് അവിടെ ബസ് ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. 30,607 സ്ക്വയർ മീറ്റർ വിസ്തീർണത്തിലാണ് പുതിയ നിർമിതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
പ്ലാറ്റ്ഫോം വികസനത്തിനായി മാത്രം 7390 സ്ക്വയർ മീറ്റർ വിനിയോഗിക്കും. ഇതിനു പുറമെ നാലാമത്തെ പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കാനും മൂന്നാം പാതയുടെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയിൽ മുൻഗണന നൽകുന്നു.
റെയിൽവേ ക്വാർട്ടേഴ്സുകൾ മാറ്റി പകരം 72-ഉം 24-ഉം ഫ്ലാറ്റുകൾ വീതമുള്ള രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കും. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ അടച്ചിട്ടുണ്ട്.
യാത്രക്കാർ വടക്കുഭാഗത്തുള്ള പാഴ്സൽ ഓഫിസിനോട് ചേർന്ന പഴയ റിസർവേഷൻ ബിൽഡിങ്ങിൽ ടിക്കറ്റ് എടുക്കുന്നതിനായി ബന്ധപ്പെടണം. ഇവിടെ റിസർവേഷൻ സൗകര്യവും, നാല് ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (എടിവിഎം), രണ്ട് കിയോസ്കുകളും സജ്ജമാക്കിയിട്ടുണ്ട്.
സ്റ്റേഷൻ മാനേജരുടെ ഓഫിസ് അടക്കമുള്ളവ മാറ്റുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

