അന്താരാഷ്ട്ര വ്യാപാര രംഗത്ത് വലിയ ആശങ്കകൾക്ക് വഴിയൊരുക്കിക്കൊണ്ട് ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ യൂണിയനുമടക്കം 60 വ്യാപാര പങ്കാളികൾക്ക് 12.5% വരെ അധിക ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് ട്രേഡ് റപ്രസന്റേറ്റീവ്സ് ഓഫിസ് (യുഎസ്ടിആർ) ശുപാർശ ചെയ്തു. നിലവിൽ ഈടാക്കുന്ന നികുതികൾക്ക് പുറമേയാകും ഈ അധിക തീരുവ ഏർപ്പെടുത്തുക.
1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരമാണ് ഈ നടപടി. കയറ്റുമതി മര്യാദകൾ ലംഘിച്ച് യുഎസിൽ നിന്ന് അനധികൃത നേട്ടം സ്വന്തമാക്കിയെന്നാരോപിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് പുതിയ ശുപാർശ. തീരുമാനത്തിന്റെ വിശദാംശങ്ങൾ:
– ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് തുടങ്ങിയ 54 രാജ്യങ്ങൾക്ക് 12.5% തീരുവ ബാധകമാകും.
– കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, യുകെ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 10% തീരുവ ശുപാർശ ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ ശുപാർശ ട്രംപ് ഭരണകൂടം അംഗീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ അത് സാരമായി ബാധിക്കും.
നിലവിൽ നീണ്ടുപോകുന്ന വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതിന് ഈ തീരുമാനം വലിയ തടസ്സമായേക്കും. അതേസമയം, വസ്ത്രങ്ങളും തുണിത്തരങ്ങളും കുറഞ്ഞ തീരുവയിൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യാൻ ഇളവുകൾ നൽകണമെന്നും യുഎസ്ടിആർ ശുപാർശയിൽ പറയുന്നുണ്ട്.
നേരത്തെ പകരംതീരുവ കേസിൽ സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ട്രംപ് ഭരണകൂടം ഇതിന് പകരമായി കണ്ടെത്തിയ ‘വളഞ്ഞവഴി’യാണ് സെക്ഷൻ 301 പ്രകാരമുള്ള ഈ അന്വേഷണമെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
ഉൽപാദനം, കയറ്റുമതി, തൊഴിൽ മേഖലകളിൽ അന്യായമായ ഇടപെടലുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, സിംഗപ്പൂർ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ യുഎസിന്റെ ഈ നിലപാടിൽ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
12.5% തീരുവ ബാധകമാകുന്ന മറ്റ് പ്രമുഖ രാജ്യങ്ങളിൽ അർജന്റീന, ഓസ്ട്രേലിയ, ബഹ്റൈൻ, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, ചിലെ, ഈജിപ്ത്, ഹോങ്കോങ്, ഇറാഖ്, ഇസ്രയേൽ, കസാക്കിസ്ഥാൻ, കുവൈത്ത്, മലേഷ്യ, ന്യൂസിലൻഡ്, നൈജീരിയ, നോർവേ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, റഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, തായ്ലൻഡ്, യുഎഇ, വിയറ്റ്നാം, വെനസ്വേല എന്നിവ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

