പശ്ചിമേഷ്യയിൽ സമാധാനശ്രമങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ മേഖല വീണ്ടും കടുത്ത യുദ്ധഭീഷണിയിലേക്ക് നീങ്ങുന്നു. കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
എന്നാൽ, ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ കുവൈത്ത് സൈന്യം പൂർണമായും പ്രതിരോധിച്ചതായാണ് ഔദ്യോഗിക വിവരം. ബഹ്റൈനിലെ താവളത്തിൽ ആക്രമണം നടന്നുവെന്ന വാദം യുഎസ് സെൻട്രൽ കമാൻഡ് പൂർണമായി തള്ളി.
പെർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് കുവൈത്തിലും ബഹ്റൈനിലും ആക്രമണം നടത്തിയതെന്ന് ഇറാൻ ദേശീയ മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) അറിയിച്ചു. ഈ സംഘർഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ സ്വാധീനം ചെലുത്തി.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 1.15% ഉയർന്ന് ബാരലിന് 94.84 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 1% വർധിച്ച് 96.96 ഡോളറായി.
ഇറാൻ ചർച്ചകൾ അവസാനിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഇത് നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും കരാർ യാഥാർഥ്യമാകുമെന്നും ഇരുവരും ആവർത്തിച്ചു.
വിപണിയിലെ പ്രതിഫലനം
പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലേക്ക് വീണത് വിപണിയിൽ ആശങ്ക പരത്തുന്നു.
ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ച സെൻസെക്സ് (74,649) 382 പോയിന്റ് നേട്ടവും, നിഫ്റ്റി (23,483) 100 പോയിന്റ് നേട്ടവുമാണ് രേഖപ്പെടുത്തിയത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഐടി ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ സംബന്ധിച്ച നിർണായക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ഉയർന്ന തീരുവയും, ഇന്ത്യയ്ക്കെതിരെയുള്ള യുഎസ് സെക്ഷൻ 301 അന്വേഷണം പിൻവലിക്കണമെന്ന ആവശ്യവുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
ഇതിനിടെ, ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചതും എണ്ണവില വർധനയും കാരണം രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 95.36 എന്ന നിലയിലെത്തി. സ്വർണവിലയിൽ നിലവിൽ വലിയ മാറ്റങ്ങൾ പ്രകടമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

