ആലുവ നഗരസഭയുടെ പരിധിയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് പെരിയാറിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടി. ബാങ്ക് ജങ്ഷൻ പ്രദേശത്ത് പ്രവർത്തിക്കുന്ന ശാന്തി ലോട്ടസ് ഫ്ലാറ്റ് സമുച്ചയത്തിനെതിരെയാണ് നഗരസഭ 50,000 രൂപ പിഴ ചുമത്തിയിരിക്കുന്നത്.
നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വെളിച്ചത്തുവന്നത്. ഫ്ലാറ്റിലെ മലിനജല സംസ്കരണ സംവിധാനത്തിന് ആവശ്യമായ വിസ്തൃതി ഇല്ലാത്തതിനാൽ മാലിന്യങ്ങൾ പൂർണമായി സംസ്കരിക്കാൻ സാധിക്കുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
സംസ്കരണത്തിന് ശേഷം ശേഷിക്കുന്ന മലിനജലം നേരിട്ട് പെരിയാറിലേക്ക് ഒഴുക്കുകയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ സാഹചര്യത്തിൽ, മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ഫ്ലാറ്റ് അധികൃതർക്ക് 14 ദിവസത്തെ സമയം നഗരസഭ അനുവദിച്ചിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നഗരസഭയിൽ ഹാജരാക്കണമെന്ന് നഗരസഭ സെക്രട്ടറി നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

