തലസ്ഥാന നഗരിയെ നിരന്തരം വലയ്ക്കുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സർക്കാർ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നഗരത്തിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
യോഗത്തിൽ ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.
പി. ജോൺ എന്നിവരും പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ നഗരത്തിലെ തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. റെയിൽവേയുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി മുഖേന ഡിവിഷണൽ റെയിൽവേ മാനേജരുമായി ചർച്ച നടത്തും.
ഇതിനായി ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടിന് കാരണമാകുന്ന ഘടകങ്ങൾ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പഴവങ്ങാടി തോടിന്റെ വീതി കുറഞ്ഞത് ചാക്ക, പഴവങ്ങാടി ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായതായി യോഗം വിലയിരുത്തി.
കൂടാതെ, ആമയിഴഞ്ചാൻ തോടിന്റെ പാർശ്വഭിത്തി പുനഃസ്ഥാപിക്കും മുൻപ് മഴ പെയ്തതാണ് കിഴക്കേകോട്ട ഭാഗത്തെ വെള്ളക്കെട്ടിന് ഇടയാക്കിയത്.
തോടുകളിലും പാർവ്വതീ പുത്തനാറിലും നിക്ഷേപിക്കുന്ന മാലിന്യങ്ങളും, ഓടകളിലേക്ക് മാലിന്യം തള്ളുന്ന പ്രവണതയും നീരൊഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. തോടുകളുടെ വശങ്ങളിലെ മരങ്ങളുടെ വേരുകൾ സംരക്ഷണ ഭിത്തികൾ തകരുന്നതിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങളും നിരീക്ഷണവും റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ കർശനമാക്കും. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും തീരുമാനമായി.
കനാലുകളിൽ മാലിന്യ നിക്ഷേപം തടയുന്നതിനായി ഫെൻസിംഗ് നടപ്പിലാക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടാതെ, നഗരസഭയുടെ രാത്രികാല പെട്രോളിംഗ് പുനരാരംഭിക്കും.
പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ജില്ലാ കളക്ടർ കൺവീനറായി പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഇറിഗേഷൻ ചീഫ് എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വാട്ടർ അതോറിറ്റി ജോയിന്റ് എംഡി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
തലസ്ഥാന നഗരിയുടെ ശുചിത്വവും നീരൊഴുക്കും ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

