മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വഴിയിലുപേക്ഷിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ രൂക്ഷവിമർശനവും പിഴയും.
തിരുവല്ല സ്വദേശിയായ ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയും, 25,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ ആകെ 35,146 രൂപ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. 2024 ഓഗസ്റ്റ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം.
കാട്ടാക്കടയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്യുന്നതിനായി, പരാതിക്കാരിയും പിതാവും അടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിൽ (Trip Code: 0400KTAAIMSH, PNR No. 6810763) തിരുവല്ലയിൽ നിന്നും യാത്ര ചെയ്യാൻ സീറ്റ് ബുക്ക് ചെയ്തിരുന്നു.
രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ കാത്തുനിന്നെങ്കിലും, 8.10 കഴിഞ്ഞിട്ടും ബസ് എത്തിയില്ല. തുടർന്ന് ബസിലെ ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ, വാഹനം തിരുവല്ല ഡിപ്പോയിൽ കയറാതെ കോട്ടയം വഴി പോയെന്ന വിവരമാണ് ലഭിച്ചത്.
‘മറ്റ് ഏതെങ്കിലും ബസിൽ കയറി പൊയ്ക്കൊള്ളാൻ’ എന്ന നിരുത്തരവാദപരമായ മറുപടിയാണ് ജീവനക്കാരിൽ നിന്നും ഉണ്ടായതെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഉച്ചയ്ക്ക് 12.30-ന് ഡോക്ടറെ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ശ്രുതി, ജോലിയിൽ നിന്നും അവധിയെടുത്താണ് ചികിത്സയ്ക്കായി യാത്ര തിരിച്ചത്.
ബസ് മുടങ്ങിയതോടെ യാത്ര റദ്ദാക്കി മടങ്ങേണ്ടി വന്നത് പരാതിക്കാരിക്ക് കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. പരാതിക്കാരി തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും കെഎസ്ആർടിസി എംഡിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, ജീവനക്കാർ മാപ്പെഴുതി നൽകിയാൽ നടപടികൾ ഒഴിവാകാറുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച പത്തനംതിട്ട
ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ച്, കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തി. പരാതിക്കാരി സമർപ്പിച്ച തെളിവുകളും വാദങ്ങളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

