തിരുവനന്തപുരം: പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്.
കേസിൽ ഒന്നാം പ്രതിയായ എ.അഷ്കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചു. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് ഇത്തരമൊരു തീരുമാനം.
ഇതിനായി രക്ഷിതാക്കളുടെ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ തഹസിൽദാർക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. ഈ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ കേസിന്റെ അന്വേഷണം ഡിവൈഎസ്പി തലത്തിലേക്ക് മാറുകയും കേസ് എസ്സി, എസ്ടി കോടതിയുടെ പരിഗണനയിലേക്ക് എത്തുകയും ചെയ്യും.
സംഭവത്തിന്റെ ക്രൂരത വെള്ളിയാഴ്ച വൈകിട്ടാണ് കുഞ്ഞ് മർദനമേറ്റ് മരിച്ചത്. കുട്ടിക്ക് മർദനമേറ്റ് ഗുരുതരാവസ്ഥയിലായ ശേഷവും പ്രതി അഷ്കർ കുഞ്ഞിന് ഭക്ഷണം നൽകാൻ ശ്രമിച്ചിരുന്നു.
കുട്ടി ഭക്ഷണം ഛർദിച്ച് മരിച്ചതാണെന്ന് വരുത്തിതീർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
എന്നാൽ, ഈ വിവരം വകവയ്ക്കാതെ എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെയും കൊണ്ട് അഷ്കർ എത്തുകയും അവിടെ എത്തുന്നതുവരെ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ ശ്രമിക്കുകയും ചെയ്തു. റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം കുഞ്ഞിന്റെ ശരീരത്തിൽ ആന്തരാവയവങ്ങൾക്ക് ഉൾപ്പെടെ 91 മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്.
മാസങ്ങൾക്ക് മുൻപ് വീടിന്റെ പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. അന്ന് സൈക്കിളിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രതി പ്ലാസ്റ്റർ അഴിച്ചുമാറ്റുകയും കുഞ്ഞ് വേദന കൊണ്ട് കരഞ്ഞപ്പോൾ മർദിക്കുകയും ചെയ്തു. അന്വേഷണം വിപുലീകരിക്കുന്നു പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ അഷ്കറിന്റെ സഹോദരിയും ഭർത്താവുമുണ്ടായിരുന്നു.
ഇവർക്ക് മർദനവിവരങ്ങൾ അറിയാമായിരുന്നുവെന്ന സംശയത്തെ തുടർന്ന് ഇവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. നിലവിൽ അഖില ചന്ദ്രനെയും എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിട്ടുണ്ട്.
കുഞ്ഞിന്റെ പേര് അഷ്കറിന്റെ നിർബന്ധപ്രകാരം മാറ്റിയതാണെന്നും അഖില പൊലീസിനോട് വെളിപ്പെടുത്തി. നാഗർകോവിലിൽ നൃത്ത പരിപാടിക്ക് പോയിരുന്നുവെന്ന അഖിലയുടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. അഷ്കറിന്റെ ആദ്യ ഭാര്യയെ മർദിച്ചതടക്കം ഇയാൾക്കെതിരെ ഉയർന്നുവരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും സർക്കാർ സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അഷ്കറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ ഉടൻ പൂർത്തിയാക്കാനാണ് നെടുമങ്ങാട് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

