റഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ ശക്തമായതോടെ, രാജ്യത്ത് വിമാന ഇന്ധനത്തിന്റെ കയറ്റുമതിക്ക് റഷ്യ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. നവംബർ അവസാനം വരെയാണ് ഈ നിരോധനം നിലനിൽക്കുക.
റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ, സംഭരണ കേന്ദ്രങ്ങൾ, പൈപ്പ്ലൈനുകൾ എന്നിവ ലക്ഷ്യമിട്ട് സമീപ ആഴ്ചകളിലായി യുക്രെയ്ൻ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയുടെ വിദൂര പ്രദേശങ്ങളായ യുറൽസ് വരെ നീളുന്ന മേഖലകളിൽ പോലും ഇത്തരത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ആഭ്യന്തര ഇന്ധന വിപണിയിൽ സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കടുപ്പമേറിയ തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നിരുന്നാലും, അന്തർ സർക്കാർ കരാറുകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഇന്ധന കൈമാറ്റങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലോകത്തിലെ മുൻനിര എണ്ണ-വാതക ഉൽപാദകരായ റഷ്യ, നേരത്തെ തന്നെ വാഹന ഇന്ധനങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുദ്ധപശ്ചാത്തലത്തിൽ തങ്ങളുടെ സാമ്പത്തിക അടിത്തറയായ ഊർജ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്.
ഈ ആക്രമണങ്ങൾ പലയിടത്തും വലിയ തീപിടിത്തങ്ങൾക്കും നാശനഷ്ടങ്ങൾക്കും വഴിവെച്ചിട്ടുണ്ടെങ്കിലും, ആഭ്യന്തര ഇന്ധന വിപണിയിൽ ഇത് സൃഷ്ടിച്ചിട്ടുള്ള കൃത്യമായ ആഘാതം എത്രത്തോളമാണെന്ന് ഇതുവരെ പൂർണമായി കണക്കാക്കിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

