മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ വീട്ടിൽ എൻ.ജെ. ജോയിയുടെ വസതിയിൽ നടന്ന വൻ കവർച്ചയുടെ കേസ് അന്വേഷണം ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ തുടരുന്നു.
2025 ജൂൺ ഒന്നിന് നടന്ന സംഭവത്തിൽ 32 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവദിവസം ജോയിയും ഭാര്യ ലിസിയും മകൾ ജൂലിയും കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാവിലെ 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ വീടിനുള്ളിൽ കടന്ന ശേഷം താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും മുറികൾ അരിച്ചുപെറുക്കി.
ബെഡിനടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ ഉപയോഗിച്ച് അഞ്ച് അലമാരകളും മേശകളും ലോക്കറുകളും തുറന്നാണ് സ്വർണം കവർന്നതെന്ന് ഗൃഹനാഥയായ ലിസി വ്യക്തമാക്കി. വിവാഹ ആവശ്യങ്ങൾക്കായി ബാങ്ക് ലോക്കറിൽ നിന്ന് പുറത്തെടുത്ത സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
മകൾ ജൂലി, ജൂലിയുടെ ഭർത്താവ് ബിനു എന്നിവരുടെ സ്വർണാഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, കവർച്ചക്കാർ സ്വർണ്ണാഭരണങ്ങൾക്കൊപ്പം ഉണ്ടായിരുന്ന റോഡ് ഗോൾഡ് ആഭരണങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായി എന്നത് ശ്രദ്ധേയമാണ്.
കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരം കുറ്റവാളിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതാണ് കേസ് അന്വേഷണത്തെ ബാധിക്കുന്നത്.
നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ് നിലവിൽ ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

