വിമാനത്താവളങ്ങളിലെ ബാഗേജ് ക്ലെയിം ഏരിയകളിൽ യാത്രക്കാർ കാണിക്കുന്ന അനാവശ്യമായ തിരക്കും തിക്കും വലിയ ചർച്ചയാകുന്നു. a_living_mango എന്ന അക്കൗണ്ടിലൂടെ മംഗൾ പൊദ്ദാർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പൗരബോധം അഥവാ സിവിക് സെൻസ് കാര്യത്തിൽ ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വീഡിയോയിലൂടെ ഓർമിപ്പിക്കുന്നു. വിമാനത്താവളത്തിലെ ബാഗേജ് ബെൽറ്റിന് മുന്നിൽ യാത്രക്കാർ കൂട്ടംകൂടി നിൽക്കുന്നതും, ബാഗുകൾ എടുക്കാൻ തിടുക്കം കാട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബെൽറ്റിന്റെ ഒരു ഭാഗത്ത് മാത്രം ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുമ്പോൾ, മറുഭാഗം ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. “ലഗേജ് ബെൽറ്റിന്റെ ഒരു ഭാഗത്ത് ആളുകൾ വിയർത്ത് ഇടിച്ചുകയറുകയാണ്.
എന്നാൽ ബെൽറ്റിന്റെ മറുഭാഗത്ത് നോക്കൂ. അവിടെ തിരക്കേയില്ല.
ബാഗ് എന്തായാലും ഈ വഴി തന്നെ വരും. ആളുകൾ പെരുമാറുന്നത് വളരെ വിചിത്രമായാണെന്ന് പറയുന്നു ഈ യുവാവ്.” ഈ വീഡിയോയ്ക്ക് താഴെ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.
പൊതുസ്ഥലങ്ങളിൽ ഇന്ത്യക്കാർ കാണിക്കുന്ന അച്ചടക്കമില്ലായ്മയെ പലരും രൂക്ഷമായി വിമർശിക്കുന്നു. “പരസ്പര വിശ്വാസം കുറഞ്ഞ ഒരു സമൂഹമാണ് ഇന്ത്യക്കാരെന്നും വിമാനം ലാൻഡ് ചെയ്ത ഉടനെ എഴുന്നേറ്റ് നിൽക്കുന്നതും, ലഗേജ് ബെൽറ്റ്തുടങ്ങുന്നിടത്ത് കൂട്ടംകൂടി നിൽക്കുന്നതും കണ്ടാൽ ബാഗ് ആരോ എടുത്തുകൊണ്ടുപോകുമോ എന്ന് പേടിയുള്ളത് പോലെ തോന്നും” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചും കമന്റുകളിൽ പരാമർശമുണ്ട്. “ഇത് വിമാനത്താവളത്തിൽ മാത്രമല്ല, ട്രാഫിക് സിഗ്നലുകളിൽ പോലും ആളുകളും ഇരുചക്രവാഹനങ്ങളോടിക്കുന്നവരും നിയമം ലംഘിച്ച് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം” എന്നും, “മത്സരത്തിൽ തോറ്റുപോയേക്കാമെന്ന ഭയമാണ്.
അനാവശ്യ ഭയങ്ങളുള്ള ഒരു സമൂഹമാണ് നമ്മൾ” എന്നും അഭിപ്രായങ്ങൾ ഉയരുന്നു. അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതിനൊപ്പം ഓരോ പൗരനും പാലിക്കേണ്ട
ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്ന നിർദേശമാണ് ഭൂരിഭാഗം ആളുകളും മുന്നോട്ടുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

