അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ രംഗത്ത്. മണ്ഡല സന്ദർശനത്തിൽ ജി.സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് റെജി ചെറിയാൻ പ്രതികരിച്ചത്.
ജി.സുധാകരൻ ഇപ്പോഴും സിപിഎമ്മിലാണെന്നാണ് കരുതുന്നതെന്നും എംഎൽഎമാരുടെ രാജാവാകാൻ അദ്ദേഹം ശ്രമിക്കരുതെന്നും റെജി ചെറിയാൻ വ്യക്തമാക്കി. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി റെജി ചെറിയാൻ പറഞ്ഞത് ഇങ്ങനെ: “ജി.സുധാകരൻ ഇപ്പോഴും സിപിഎം ആണെന്നാണ് കരുതുന്നത്.
ഈ പറഞ്ഞ മഹാൻ മന്ത്രിയായിരിക്കുന്ന കാലത്തും അവിടെനിന്ന് മണ്ണു കൊണ്ടുപോയിട്ടുണ്ട്. അക്കാലത്തൊന്നും സമയബന്ധിതമായി അവിടെ പൊഴി മുറിച്ചിട്ടില്ല.
കുട്ടനാട്ടിലെ പാവങ്ങളുടെ വീട്ടിൽ വെള്ളം കയറിയെന്ന് കണ്ടു കഴിയുമ്പോൾ അടിയന്തരമായി കോടികൾ മുടക്കി അവിടെനിന്ന് മണ്ണു മാറ്റാൻ തുടങ്ങും. ആ മണ്ണ് കൊണ്ടുപോയത് അടൂരേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ എന്നറിയുന്നത് അന്ന് ഭരിച്ചവർക്കാണ്.
റെജി ചെറിയാൻ പോയത് മണ്ണുവാരിക്കൊണ്ടു പോകാൻ അല്ല. തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്നറിയാനാണ് പോയത്.
കുട്ടനാട് എംഎൽഎയായ എന്റെ ഉത്തരവാദിത്തമാണത്. അതിന് ഉത്തരവാദപ്പെട്ട
ആലപ്പുഴ ജില്ലയിലെ ഏത് എൻജിനിയറെയും വിളിക്കാനുള്ള അവകാശം കുട്ടനാട് എംഎൽഎക്കുണ്ട്. എൻജിനിയറെ വിളിച്ചുകൊണ്ടാണ് പൊഴിയിൽ പോയത്.
ബാക്കി നിയമപരമായ നടപടികളെടുക്കാൻ അമ്പലപ്പുഴ എംഎൽഎയെ അറിയിച്ച് എല്ലാവരെയും വിളിപ്പിച്ച് യോഗം ചേരുമെന്ന് പറഞ്ഞിട്ടാണ് പോയത്. ഇവിടെ നിയമം വിട്ടോ മറ്റൊരു എംഎൽഎയുടെ അധികാര പരിധിയിൽ കടന്നോ ഒന്നും ചെയ്തിട്ടില്ല.
വ്യക്തിഹത്യ നോക്കിയും കണ്ടും ചെയ്യുന്നതാണ് നല്ലത്. യുഡിഎഫ് ജനാധിപത്യ പാർട്ടിയാണ്.
എംഎൽഎമാരുടെ രാജാവാകാൻ ശ്രമിക്കരുത്. അതിന് സമ്മതിക്കുകയും നിന്നു കൊടുക്കുകയുമില്ല.” നേരത്തെ, തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചതിന് ജി.സുധാകരൻ റെജി ചെറിയാനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ജി.സുധാകരന്റെ വാക്കുകൾ ഇങ്ങനെ: “റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടും.
റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല.
അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ.
എന്നാൽ ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എംഎൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദർശിച്ചത്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ.
ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്.
കരിമണൽ കയറ്റിയ ചില ലോറികൾ അടൂരിലേക്ക് പോയി. ഇങ്ങനെ കള്ളക്കടത്ത് നടത്തുകയാണ്.
ഒരു കലക്ടർമാരും ഇത് മര്യാദയ്ക്ക് നോക്കിയില്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

