തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിച്ച വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ പ്രസിദ്ധമായ അരയാൽ മുറിച്ചുനീക്കി. പതിറ്റാണ്ടുകളായി പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയലിന് സാക്ഷിയായി നിന്ന ഈ വൃക്ഷം മൃതപ്രായമായതിനെ തുടർന്നാണ് അധികൃതർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
തന്ത്രി പുലിയന്നൂർ ശങ്കരനാരായണന്റെ കാർമികത്വത്തിൽ അനുജ്ഞ പൂജകൾക്ക് ശേഷമായിരുന്നു മരം മുറിക്കൽ നടപടികൾ ആരംഭിച്ചത്. വിധിപ്രകാരമുള്ള ചടങ്ങുകളോടെ മരത്തിന്റെ അവശിഷ്ടങ്ങൾ അവിടെവെച്ചുതന്നെ അഗ്നി സംസ്കാരം നടത്തുകയും ചെയ്തു.
മരം നിന്നിരുന്ന സ്ഥാനത്ത് ഭൂമിപൂജ നടത്തി പുതിയ അരയാൽത്തൈ നട്ടുപിടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിന്റെ തുടർന്നുള്ള സംരക്ഷണ ചുമതല കേരള വനഗവേഷണ കേന്ദ്രം (KFRI) ഏറ്റെടുക്കും.
సుమారు ഒന്നേകാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഈ അരയാൽ, പൂരക്കാലത്ത് സുരക്ഷാ ഭീഷണി ഉയർത്തിയതിനെത്തുടർന്നാണ് മുറിച്ചുമാറ്റാൻ നിർബന്ധിതരായത്. നാലു വർഷം മുൻപ് പൂരത്തിനിടെ ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഒരാൾക്ക് പരുക്കേറ്റിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ മരത്തിന്റെ ജീർണാവസ്ഥ കണ്ടെത്തുകയായിരുന്നു. അന്ന് പുതിയ നാമ്പുകൾ പ്രത്യക്ഷപ്പെട്ടതോടെ മരം മുറിക്കരുതെന്ന് തന്ത്രി നിർദേശിച്ചിരുന്നു.
ഡോ. സുജനപാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മരത്തിന് കായകൽപം ചികിത്സ നൽകുകയും അത്തി, ഇത്തി, പേരാൽ എന്നിവ നട്ടുപിടിപ്പിച്ച് നാൽപാമരമായി സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വേരുകൾക്ക് ജലാംശം വലിച്ചെടുക്കാൻ കഴിയാത്തവിധം അടിഭാഗം പൂർണമായും ദ്രവിച്ചതായി കണ്ടെത്തിയതോടെയാണ് മരം മുറിച്ചുനീക്കാൻ തീരുമാനിച്ചത്. പൂരച്ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ക്ഷേത്രം അധികൃതർ അനുമതി തേടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 16-ന് നായ്ക്കനാൽ ഭാഗത്തുണ്ടായിരുന്ന വലിയ അരയാലും ജീർണാവസ്ഥയെത്തുടർന്ന് മുറിച്ചുനീക്കിയിരുന്നു. നിലവിൽ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തും തെക്കുപടിഞ്ഞാറ് മൂലയിലുമായി രണ്ട് അരയാലുകൾ മാത്രമാണ് ശേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

