കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിലുള്ള ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ അഭിപ്രായമുയർന്നു. ജില്ലയിൽ 150-ൽ അധികം ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ഡിഎംഒ ഡോ.
കെ. സന്തോഷ് കുമാർ യോഗത്തെ അറിയിച്ചു.
ഈ പ്രതിസന്ധി പരിഹരിക്കാൻ കർണാടക മെഡിക്കൽ കൗൺസിൽ അംഗത്വമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. വിവിധ മണ്ഡലങ്ങളിലെ വികസന വിഷയങ്ങൾ എംഎൽഎമാർ യോഗത്തിൽ ഉന്നയിച്ചു.
ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ കാലവർഷക്കെടുതികൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സന്ദീപ് വാരിയർ എംഎൽഎ ആവശ്യപ്പെട്ടു. ഈസ്റ്റ് എളേരി കാറ്റാം കവലയിൽ അപകടസാധ്യത ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും, ചിറ്റാരിക്കൽ പിഎച്ച്സിയുടെ കെട്ടിട
നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സമയം നീട്ടി നൽകാനും തീരുമാനമായി. നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹൊസ്ദുർഗ്–പാണത്തൂർ പാതയുടെ പ്രവൃത്തിയിലെ കാലതാമസം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ചൂണ്ടിക്കാട്ടി. ദേശീയപാത 66-ലെ ഡ്രെയ്നേജ് സംവിധാനങ്ങളും സർവീസ് റോഡും പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി.
തൃക്കണ്ണാട് മേഖലയിലെ കടലാക്രമണ ഭീഷണി പരിഹരിക്കാൻ നടപടി വേണമെന്ന് കെ. നീലകണ്ഠൻ എംഎൽഎ ആവശ്യപ്പെട്ടു.
കരിങ്കല്ലിന്റെ ലഭ്യതക്കുറവ് മൂലം നിർത്തിവച്ച പ്രതിരോധ പ്രവൃത്തികൾ വേഗത്തിലാക്കാൻ ശ്രമം നടക്കുന്നതായി മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ടാറ്റാ കോവിഡ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗം തുടങ്ങാനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും, രണ്ടു വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും ഡിഎംഒ അറിയിച്ചു.
മെഡിക്കൽ കോളജിലെ ലബോറട്ടറികൾ അക്കാദമിക് ആവശ്യങ്ങൾക്കായി സജ്ജമാക്കാൻ നിർദേശം നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം 98 ശതമാനം പൂർത്തിയായെങ്കിലും കരാറുകാരൻ പിന്മാറിയത് പ്രതിസന്ധിയായതായി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലെ സുരക്ഷാ നടപടികൾ എ.കെ.എം അഷറഫ് എംഎൽഎ ആരാഞ്ഞു. അനന്തപുരം വ്യവസായ പാർക്കിൽ നിന്ന് അമിതമായി ചെങ്കല്ലും മേൽമണ്ണും കടത്തുന്നത് പരിശോധിക്കാൻ സ്ക്വാഡ് രൂപീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
ആരിക്കാടിയിലെ ടോൾ ബൂത്ത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി സ്കൂൾ പരിസരത്തെ സുരക്ഷാ ഭിത്തി നിർമാണം ഉന്നയിച്ചു.
കലക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫിസർ ടി.
രാജേഷ്, എഡിഎം കെ.വി. ശ്രുതി തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

