രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഗണ്യമായ കുറവ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിൽ ആശ്വാസമേകുന്നു. മാർച്ച് 6-ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ക്രൂഡോയിൽ ബാസ്കറ്റ് വില ബാരലിന് 100 ഡോളറിന് താഴേക്ക് എത്തുന്നത്.
ഇറാൻ-യുഎസ് സംഘർഷാവസ്ഥയെത്തുടർന്ന് മാർച്ച് 19-ന് ക്രൂഡോയിൽ വില ബാരലിന് 155 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടതോടെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ മേയ് 28-ലെ കണക്കുപ്രകാരം ഇന്ത്യൻ ക്രൂഡോയിൽ ബാസ്കറ്റിന്റെ വില ബാരലിന് 97.52 ഡോളറായി കുറഞ്ഞു. മേയ് 29-ലെ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 91.12 ഡോളറാണ്.
ഫെബ്രുവരിയിൽ ബാരലിന് 69 ഡോളറായിരുന്ന ക്രൂഡോയിൽ വില, ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതോടെയാണ് കുത്തനെ ഉയർന്നത്. ഏപ്രിലിൽ 114.48 ഡോളറും മേയിൽ 106.83 ഡോളറുമായിരുന്നു ഇന്ത്യൻ ക്രൂഡോയിൽ ബാസ്കറ്റിന്റെ ശരാശരി വില.
ഇന്ധന വിലയിലെ പ്രതിഫലനം
ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ എത്തിയതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമോ എന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ. എന്നാൽ, വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ധന വിലയിൽ ഉടൻ കുറവുണ്ടാകാൻ സാധ്യത കുറവാണ്.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിൽപനയിൽ ഇപ്പോഴും പ്രതിദിനം 550 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. കൂടാതെ, അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വന്ന ഇടിവ് ഇറക്കുമതി ചെലവിനെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.
ഇറക്കുമതിയിലെ വർധന
അതേസമയം, ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയിൽ വലിയ വർധനയാണ് മേയ് മാസത്തിൽ രേഖപ്പെടുത്തിയത്. ഏപ്രിലിനെ അപേക്ഷിച്ച് 11.2 ശതമാനത്തിന്റെ വർധനവോടെ പ്രതിദിനം 5.04 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇറാൻ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വെനസ്വേലയിൽ നിന്നും റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങിയതാണ് ഇറക്കുമതി വർധിക്കാൻ കാരണം.
റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഏപ്രിലിലെ 1.57 ദശലക്ഷം ബാരലിൽ നിന്ന് മേയിൽ 22.9 ശതമാനം വർധിച്ച് 1.93 ദശലക്ഷം ബാരലായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

