ന്യൂസിലാൻഡ് എന്ന രാജ്യത്തെ തൊഴിൽ അന്തരീക്ഷത്തെയും സ്ത്രീ സുരക്ഷയെയും പ്രശംസിച്ച് ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അവിടെ സ്ത്രീകൾ അതീവ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഏത് മേഖലയിലും ജോലി ചെയ്യുന്നതിനെക്കുറിച്ചാണ് ഡോളി പ്രജാപതി എന്ന യുവതി തന്റെ ഇന്സ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
റോഡ് നിർമ്മാണ മേഖലയിലെ ട്രാഫിക് നിയന്ത്രണം മുതൽ വലിയ വാഹനങ്ങൾ ഓടിക്കുന്നത് വരെ ന്യൂസിലാൻഡിലെ സ്ത്രീകൾ ഏറ്റെടുക്കുന്ന വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഡോളി പ്രജാപതി പറയുന്നതിങ്ങനെ: “ന്യൂസിലാൻഡിൽ സ്ത്രീകൾ യാതൊരുവിധ മടിയും കൂടാതെ എല്ലാത്തരം ജോലികളും വളരെ ആത്മവിശ്വാസത്തോടെയാണ് ചെയ്യുന്നത്.
അത് വലിയ ട്രക്കുകൾ ഓടിക്കുന്നതാകട്ടെ, കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുന്നതാകട്ടെ, അല്ലെങ്കിൽ റോഡരികിലിരുന്ന് റോഡ് പണികൾ നിരീക്ഷിക്കുകയും ട്രാഫിക് നിയന്ത്രിക്കുകയും ചെയ്യുന്നതാകട്ടെ… അവർക്ക് ഇത്രയധികം ആത്മവിശ്വാസം ഉണ്ടാകാൻ കാരണം, ഒന്നാമതായി ഇവിടുത്തെ ആളുകൾ ഒരു ജോലിയെയും ചെറുതായി കാണുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ല എന്നതാണ്. രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ആളുകൾ സ്ത്രീകളെ അനാവശ്യമായി തുറിച്ച് നോക്കുകയോ തല മുതൽ കാൽ വരെ നോക്കി അളക്കുകയോ ഇല്ല എന്നതാണ്” സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ന്യൂസിലാൻഡ് മാതൃകാപരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
“ശല്യം ചെയ്യുക, മോശം കമന്റുകൾ പറയുക, അല്ലെങ്കിൽ സ്റ്റോക്ക് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങൾ ഇവിടെ ഇല്ല എന്ന് തന്നെ പറയാം. ആരെങ്കിലും അത്തരം പെരുമാറ്റത്തിന് മുതിർന്നാൽ തന്നെ, നേരിട്ട് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ നിയമങ്ങൾ ഇവിടെയുണ്ട്.
അതുകൊണ്ട് തന്നെയാണ് സ്ത്രീകൾക്ക് ഇവിടെ ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നത്. നിങ്ങൾ കാണുന്നത് പോലെ, റോഡിന്റെ ഇരുവശങ്ങളിലും പണി നടക്കുന്നുണ്ട്.
ഈ സ്ത്രീക്ക് റോഡിന് നടുവിൽ നിന്ന് ട്രാഫിക് നിയന്ത്രിക്കാനുള്ള ചുമതലയാണ് നൽകിയിരിക്കുന്നത്. അവർ യാതൊരുവിധ ഭയമോ മടിയോ കൂടാതെ പൂർണ്ണ ഉത്തരവാദിത്തത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആ ജോലി ചെയ്യുന്നത്.
ഈ രാജ്യത്ത് ഇത്തരം ജോലികൾക്ക് വലിയ ബഹുമാനമുണ്ട്, കൂടാതെ മണിക്കൂറിന് നല്ല ശമ്പളവും ലഭിക്കും” “ന്യൂസിലാൻഡിലെ സ്ത്രീകളുടെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ സുരക്ഷയാണ്” എന്ന ക്യാപ്ഷനോടെയാണ് ഡോളി പ്രജാപതി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വലിയ തോതിൽ പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
സമൂഹത്തിലെ എല്ലാ ജോലികളോടും കാണിക്കുന്ന ബഹുമാനമാണ് ഇത്തരമൊരു തൊഴിൽ സംസ്കാരത്തിന് അടിസ്ഥാനമെന്നും പലരും അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

