തിരുവനന്തപുരം ജില്ലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത് ഗതാഗതത്തെ ബാധിച്ചു.
നിലവിൽ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിൽ അരമണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് മലിനജലം റോഡിലേക്ക് പരന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദുർഗന്ധം വമിക്കുന്ന മുട്ടറ്റം വെള്ളത്തിലൂടെയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. കോർപ്പറേഷന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് മുൻകരുതലുകൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

