മുംബൈയിലെ പൊവായിയിൽ അതീവ ദാരുണമായ കൊലപാതകം. പാലിനായി വാശിപിടിച്ചു കരഞ്ഞ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരൻ യഷ് ആണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
സംഭവത്തിൽ കുട്ടിയുടെ പിതാവായ രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഗൗതം നഗറിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു ഇയാൾ.
ഭിന്നശേഷിക്കാരനായിരുന്ന യഷ് പ്രധാനമായും പാൽ മാത്രമാണ് ആഹാരമായി കഴിച്ചിരുന്നത്. തൊഴിൽരഹിതനായിരുന്ന രാജേഷ് പ്രകാശ് സിങ് കടുത്ത മദ്യപാനിയായിരുന്നു.
ഇയാളുടെ ശീലങ്ങൾ കാരണം 15 ദിവസം മുൻപ് ഭാര്യ പിണങ്ങിപ്പോവുകയും കുട്ടികളെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് രാജേഷ് കുടുംബത്തെ തിരിഞ്ഞുനോക്കിയിരുന്നില്ല.
ഇവരുടെ അഞ്ച് വയസ്സുള്ള മറ്റൊരു മകൻ നിലവിൽ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
പാൽ ആവശ്യപ്പെട്ട് കുട്ടി കരഞ്ഞതിനെത്തുടർന്ന് പ്രകോപിതനായ പിതാവ് കുട്ടിയെ മർദിക്കുകയും തല പലതവണ തറയിലിടിപ്പിക്കുകയുമായിരുന്നു. ഇതോടെ കുട്ടി മരണപ്പെടുകയായിരുന്നു.
രാവിലെ സഹോദരിയെ വിളിച്ച് മകൻ മരിച്ച വിവരം രാജേഷ് പ്രകാശ് സിങ് തന്നെയാണ് അറിയിച്ചത്. തുടർന്ന് പൊലീസെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയ പ്രതി, പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

