വിവാഹത്തിൽ നിന്ന് പിൻമാറണം എന്ന് ആവശ്യപ്പെട്ട യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.
കോതമംഗലം സ്വദേശിയായ നിധിൻ ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: നിധിൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന്, ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതി ഇയാളെ സമീപിക്കുകയായിരുന്നു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി കോതമംഗലത്തേയ്ക്ക് കൊണ്ടുപോയി.
യാത്രയ്ക്കിടെ കാറിനുള്ളിൽ വെച്ച് യുവതിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശയായ യുവതി മരണപ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച നിധിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിൽ ഉപേക്ഷിക്കുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന പന്ത്രണ്ട് പവനോളം സ്വർണ്ണാഭരണങ്ങളും ഇയാൾ കവർന്നതായി പരാതിയുണ്ട്. അവശനിലയിലായ യുവതി പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടിയ പൊലീസ്, ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

